തൃശൂർ: ജയിലുകളുടെ സ്ഥലങ്ങൾ വരുമാനമാർഗങ്ങളാക്കി മാറ്റുന്നതിെൻറ ഭാഗമായുള്ള പെട്രോൾ പമ്പുകൾ യാഥാർഥ്യമായി. ആദ്യ പെട്രോൾ പമ്പ് തൃശൂർ വിയ്യൂർ െസൻട്രൽ ജയിലിനോട് ചേർന്ന് നിർമാണം പൂർത്തിയായി. സംസ്ഥാനതല ഉദ്ഘാടനം 30ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
ജയിൽ വകുപ്പും ഇന്ത്യൻ ഓയിൽ കോർപറേഷനും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം പൂജപ്പുര, കണ്ണൂർ, ചീമേനി പമ്പുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വിയ്യൂർ ജയിലിനോട് ചേർന്ന് പാടൂക്കാട് ദീപ തിയറ്ററിന് മുൻവശം 30 സെൻറ് സ്ഥലത്താണ് പമ്പ് സ്ഥാപിച്ചത്. തടവുകാരാണ് ജീവനക്കാരും ചുമതലക്കാരും. ജയിൽ ഉദ്യോഗസ്ഥർ ഇവർക്കൊപ്പമുണ്ടാവും. അഗ്നിരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനവും നൽകി.