ന്യൂഡല്‍ഹി: യുനൈറ്റഡ് നാഷന്‍സ് യൂനിവേഴ്‌സിറ്റി-ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയണ്‍മെൻറ് ആൻഡ് ഹെല്‍ത്ത് റിപ്പോര്‍ട്ടിൽ ലോകത്ത് സുരക്ഷിതമല്ലാത്ത ആറു അണക്കെട്ടുകളുടെ കൂട്ടത്തില്‍ മുല്ലപ്പെരിയാറും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അണക്കെട്ടിെൻറ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ അപേക്ഷ. കേരളത്തിലെ പ്രളയ സാഹചര്യവും അണക്കെട്ടിെൻറ സുരക്ഷക്ക് ഭീഷണിയായിട്ടുണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡോ. ജോ ജോസഫാണ് നിലവിലെ ഹരജിക്ക് അനുബന്ധമായി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അഭൂതപൂര്‍വമായ കാലാവസ്ഥാ വ്യതിയാനവും ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ മലയോര മേഖലയില്‍ വരുത്തിയ പരിസ്ഥിതി നാശവും മൂലം കേരളം പ്രളയ മേഖലയായി മാറി. പ്രളയസാഹചര്യത്തിലും ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍ അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക ചട്ടങ്ങളൊന്നുമില്ലാതെയാണ് അണക്കെട്ടിെൻറ പ്രവര്‍ത്തനം.
നിര്‍മാണ വസ്തുക്കള്‍ കാലഹരണപ്പെട്ടതിനാല്‍ അണക്കെട്ട് സുരക്ഷിതമല്ലെന്നും ഇപ്പോഴുള്ള ചോര്‍ച്ച ആശങ്കാജനകമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോകത്തെ സുരക്ഷിതമല്ലാത്ത ആറു അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ളതാണ് മുല്ലപ്പെരിയാര്‍. 50 വര്‍ഷമാണ് അണക്കെട്ടിെൻറ കാലാവധിയെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതെന്നും ഹരജിക്കാൻ കോടതിയെ അറിയിച്ചു.