അൻവറിന്റെ ഏഴുനില കെട്ടിടം പൊളിക്കണമെന്ന ഹരജി: നാവികസേനയുടെ വിശദീകരണം തേടി
text_fieldsകൊച്ചി: മുൻ എം.എൽ.എ പി.വി. അൻവറിന്റെ ഉടമസ്ഥതയിലുള്ള പ്രതിരോധ മേഖലയിൽ സ്ഥിതിചെയ്യുന്ന കെട്ടിടം പൊളിച്ചുനീക്കണമെന്ന ഹരജിയിൽ ഹൈകോടതി നാവികസേനയുടെ വിശദീകരണം തേടി. ആലുവ എടത്തല പഞ്ചായത്തിൽ നാവികസേനയുടെ ആയുധ സംഭരണശാലക്ക് (എൻ.എ.ഡി) സമീപം പീവീസ് റിയൽറ്റേഴ്സിന്റെ ഉടമസ്ഥതയിലുള്ള ഏഴുനില കെട്ടിടം പൊളിക്കണമെന്നാണ് ആവശ്യം. സാമൂഹിക പ്രവർത്തകൻ കെ.വി. ഷാജി നൽകിയ ഹരജിയിൽ ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസാണ് വിശദീകരണം തേടിയത്.
അതിസുരക്ഷാമേഖലയിൽ അനധികൃതമായാണ് സപ്തനക്ഷത്ര ഹോട്ടൽ സൗകര്യത്തോടെ കെട്ടിടം നവീകരിച്ചതെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, ഇതിന് കൈവശാവകാശം നേടിയതും നവീകരിച്ചതും നിയമപരമായാണെന്നാണ് അൻവറിന്റെ വാദം.
ന്യൂഡൽഹിയിലെ കടാശ്വാസ കമീഷൻ 2006 സെപ്റ്റംബർ 18ന് നടത്തിയ ലേലത്തിലാണ് കെട്ടിടവും 11.46 ഏക്കർ ഭൂമിയും പീവീസ് റിയൽറ്റേഴ്സ് 99 വർഷത്തെ പാട്ടത്തിനെടുത്തത്. ഹരജിയിൽ എൻ.എ.ഡിയെയും പീവീസ് റിയൽറ്റേഴ്‌സിനെയും ഹൈകോടതി നേരത്തേ കക്ഷി ചേർത്തിരുന്നു. അൻവറും എടത്തല പഞ്ചായത്തും മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഹരജി വീണ്ടും 25ന് പരിഗണിക്കാൻ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.