ബധിര വിദ്യാർഥികൾക്ക് കോളജ് വേണമെന്ന് ഹരജി; സർക്കാറിന് നോട്ടീസ്
text_fieldsകൊച്ചി: ബധിര വിദ്യാർഥികൾക്ക് എയ്ഡഡ് കോളജ് തുടങ്ങാൻ അനുമതി തേടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറടക്കം എതിർകക്ഷികളോട് വിശദീകരണം തേടി. ബധിര വിദ്യാർഥികൾക്ക് വേണ്ടി കമ്പ്യൂട്ടർ സയൻസിൽ ബിരുദ കോഴ്സുള്ള കോളജ് തുടങ്ങാൻ എൻ.ഒ.സിക്കുവേണ്ടി സമർപ്പിച്ച അപേക്ഷ നിരസിച്ചത് ചോദ്യംചെയ്ത് ആലുവ സേക്രഡ് ഹാർട്ട് ക്ലേരിസ്റ്റ് പ്രൊവിൻസ് ചാരിറ്റബിൾ സൊസൈറ്റി നൽകിയ ഹരജിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ പരിഗണിച്ചത്.
സംസ്ഥാന സർക്കാറിനെയും എം.ജി സർവകലാശാലയെയും എതിർകക്ഷികളാക്കി നൽകിയ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു.
മാണിക്കമംഗലത്ത് ഹരജിക്കാർ നടത്തുന്ന സെന്റ് ക്ലയർ ഓറൽ ഹയർ സെക്കൻഡറി സ്കൂളിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽനിന്നുള്ള 230 കുട്ടികൾ പഠിക്കുന്നുണ്ടെന്ന് ഹരജിയിൽ പറയുന്നു. കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ ഇത്തരത്തിലുള്ള ഹയർ സെക്കൻഡറി സ്കൂളുകൾ വേറെയുമുണ്ട്. 125 കുട്ടികൾ ഈ സ്ഥാപനങ്ങളിൽനിന്ന് കോഴ്സ് കഴിഞ്ഞിറങ്ങുന്നുണ്ടെങ്കിലും തുടർന്ന് പഠിക്കാൻ കോളജുകളില്ല.
ഹരജിക്കാർ എൻ.ഒ.സിക്കായി സമർപ്പിച്ച അപേക്ഷ പുതിയ എയ്ഡഡ് കോളജുകൾക്ക് അനുമതി നൽകേണ്ടെന്ന നയതീരുമാനം ചൂണ്ടിക്കാട്ടിയാണ് നിരസിച്ചത്. പ്രത്യേക വിഭാഗത്തിന് കോളജ് വേണ്ടതിന്റെ അനിവാര്യത കണക്കിലെടുത്ത് എൻ.ഒ.സി നൽകാൻ നിർദേശിക്കണമെന്നും കോളജിന് അഫിലിയേഷൻ നൽകാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

