'ബാങ്കുവിളിയെ അധിക്ഷേപിച്ചു, മതസ്പര്‍ദ്ധയുണ്ടാക്കാൻ ശ്രമിച്ചു'; ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരെ ഹൈകോടതിയില്‍ ഹരജി
text_fieldsആരിഫ് ഹുസൈൻ തെരുവത്ത്
കൊച്ചി: ഇസ്‌ലാമിക ആചാരമായ ബാങ്കുവിളിയെ അധിക്ഷേപിച്ച യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ഹൈകോടതിയിൽ ഹരജി. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി മൊയ്തീൻകുട്ടിയാണ് അഭിഭാഷകൻ വി.കെ.റഫീഖ് മുഖേന ഹൈകോടതിയിൽ ഹരജി നൽകിയത്. പൊലീസിൽ നൽകിയ പരാതികളിൽ നടപടിയില്ലാത്തതിനെ തുടർന്നാണ് മൊയ്തീൻകുട്ടി ഹൈകോടതിയെ സമീപിച്ചത്.
ബാങ്കുവിളിയെ പരിഹസിക്കുന്ന സ്വഭാവത്തിൽ ആരിഫ് ഹുസൈൻ തെരുവത്ത് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പരാതിക്ക് ആധാരം. ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ മത അവഹേളനത്തിന്, ക്രിമിനൽ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. കോട്ടക്കൽ പൊലീസ്, ഡി.വൈ.എസ്.പി, മലപ്പുറം ജില്ല പൊലീസ് മേധാവി എന്നിവർക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ല. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. എന്നാൽ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ഹരജിയിൽ, പ്രോസിക്യൂഷനോട് കോടതി വിശദീകരണം തേടി. നിലവിൽ പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ പൊലീസിനും ഹൈക്കോടതി നിർദേശം നൽകി.
നേരത്തെ, വിശ്വാസികളെ അവഹേളിക്കുന്നതും, വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആരിഫ് ഹുസൈൻ്റെ പോസ്റ്റുകൾക്കെതിരെ ഈരാറ്റുപേട്ട സ്വദേശി എൻ.എം.നിയാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാമൂഹിക സ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ കോടതി ഇടപെടണം എന്നാവശ്യപ്പെട്ടായിരുന്നു ഹരജി. അന്ന് സമൂഹമാധ്യമങ്ങളിലെ ആരിഫ് ഹുസൈൻ്റെ പോസ്റ്റുകളും ഹരജിക്കാരുടെ വാദവും പരിശോധിച്ച കോടതി, ആരിഫ് ഹുസൈന് നോട്ടീസ് അയച്ച് വിശദീകരണം ചോദിച്ചിരുന്നു.
സംഭവത്തിൽ കേസെടുത്ത്, അന്വേഷണം പുരോഗമിക്കുകയാണെന്ന് ഈരാറ്റുപേട്ട പൊലീസും കോടതിയെ അറിയിച്ചു. ഇതോടെ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ കോടതിയെ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

