കാലിക്കറ്റ് വി.സിയെ തുടരാൻ അനുവദിക്കരുതെന്ന് ഹരജി; വി.സിക്ക് ഹൈകോടതി നോട്ടീസ്
text_fieldsകൊച്ചി: യു.ജി.സി ചട്ടത്തിന് വിരുദ്ധമായി രൂപവത്കരിച്ച സെർച് കമ്മിറ്റിയുടെ ശിപാർശ പ്രകാരം നിയമിക്കപ്പെട്ട കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറെ തുടരാൻ അനുവദിക്കരുതെന്നാവശ്യപ്പെടുന്ന ഹരജിയിൽ വി.സിക്ക് ഹൈകോടതിയുടെ നോട്ടീസ്.
സ്ഥാനത്ത് തുടരാൻ സുപ്രീംകോടതി ഉത്തരവനുസരിച്ച് വി.സി ഡോ. എം.കെ. ജയരാജന് അർഹതയില്ലെന്നും സ്ഥാനമൊഴിയാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ട് സെനറ്റ് അംഗവും ഫാറൂഖ് കോളജ് അസോ. പ്രഫസറുമായ ഡോ. ടി. മുഹമ്മദാലി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ചാൻസലർ കൂടിയായ ഗവർണർ, കാലിക്കറ്റ് സർവകലാശാല എന്നിവരും എതിർകക്ഷിയായ ഹരജിയിൽ പ്രത്യേക ദൂതൻ മുഖേന വി.സിക്ക് നോട്ടീസ് അയക്കാനാണ് ഉത്തരവിട്ടത്.ചീഫ് സെക്രട്ടറി കൺവീനറായ സെർച് കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് വി.സിയെ നിയമിച്ചതെന്ന് ഹരജിയിൽ പറയുന്നു. ഇത് യു.ജി.സി നിബന്ധനകൾക്ക് വിരുദ്ധമാണ്. സമാനരീതിയിൽ സെർച് കമ്മിറ്റി രൂപവത്കരിച്ച് കേരള സാങ്കേതിക സർവകലാശാല വി.സിയെ നിയമിച്ചത് സുപ്രീംകോടതി റദ്ദാക്കി. ഈ സാഹചര്യത്തിൽ സുപ്രീംകോടതി ഉത്തരവിനനുസൃതമായി വി.സിയെ നിയമിക്കാൻ ചാൻസലർക്ക് ബാധ്യതയുണ്ട്. ചട്ടം പാലിക്കാതെ നിയമിക്കപ്പെട്ട വി.സിമാർ ഒഴിയാൻ ചാൻസലർ ആവശ്യപ്പെട്ടെങ്കിലും ഇത് ചോദ്യം ചെയ്യുന്ന ഹരജികൾ കോടതിയുടെ പരിഗണനയിലാണ്.
കാലിക്കറ്റ് വി.സിയടക്കം കോടതി ഉത്തരവ് കാത്ത് സ്ഥാനത്ത് തുടരുകയാണ്. യു.ജി.സി ചട്ടപ്രകാരമല്ലാതെ ചുമതലപ്പെടുത്തിയ സെർച് കമ്മിറ്റി ശിപാർശയെ തുടർന്നാണ് വി.സിയെ നിയമിച്ചത് എന്നതിനാൽ തുടരാൻ അർഹനല്ലെന്നും പുറത്താക്കാൻ കോടതി ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഹരജി ജനുവരി 13ന് വീണ്ടും പരിഗണിക്കും. വി.സിമാരുടെ ഹരജികളും അന്ന് പരിഗണനക്കെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

