മീഡിയ വൺ മാനേജിങ് എഡിറ്റർ സി.ദാവൂദിനെതിരായ ഹരജി തള്ളി
text_fieldsഒറ്റപ്പാലം: ഭഗത് സിങ്ങിനെക്കുറിച്ച് മീഡിയ വൺ മാനേജിങ് എഡിറ്റർ സി.ദാവൂദ് നടത്തിയ പരാമർശത്തിനെതിരെ കേസെടുക്കണമെന്ന ഹരജി കോടതി തള്ളി. പരാമർശത്തിൽ കേസെടുക്കാവുന്ന ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒറ്റപ്പാലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം.എൻ. സജിത ഹരജി തള്ളിയത്.
സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന പരിപാടിക്കിടെ നടത്തിയ പരാമർശത്തിനെതിരെയാണ് പാലക്കാട് നെല്ലായ സ്വദേശി ഗോവിന്ദ് രാജ് കോടതിയെ സമീപിച്ചത്. പരാമർശത്തിൽ കലാപാഹ്വാനം ഉൾപ്പെടെ ചുമത്തി കേസെടുക്കണമെന്നായിരുന്നു ആവശ്യം. പരിപാടിയുടെ വിഡിയോ കണ്ട ശേഷമാണ് ഹരജി തള്ളിയത്.
മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചർച്ച മാത്രമായിരുന്നു അത്. കലാപാഹ്വാനമില്ല. ദേശവിരുദ്ധമായതോ രാജ്യത്തിന്റെ അഖണ്ഡതക്ക് വിരുദ്ധമായതോ ആയ ഒന്നുമില്ല. ശഹീദ് ഭഗത് സിങ് എന്നാണ് പേര് പരാമർശിക്കുന്നത്. അതില്‍ അപമാനകരമായ ഒന്നുമില്ല. സമൂഹത്തില്‍ സ്പർധയുണ്ടാക്കുന്ന ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു.
മീഡിയവണ്‍ എഡിറ്റർ പ്രമോദ് രാമൻ, അസോസിയേറ്റ് കോ ഓർഡിനേറ്റിങ് എഡിറ്റർ നിഷാദ് റാവുത്തർ എന്നിവരെയും ഹരജിയില്‍ എതിർ കക്ഷിയാക്കിയിരുന്നു. മീഡിയവണിനുവേണ്ടി അഡ്വ. അമീന്‍ ഹസന്‍ ഹാജരായി. ദാവൂദിന്റെ പരാമർശത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി 300 സ്ഥലങ്ങളിൽ പ്രതിഷേധ സംഗമം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

