മതിയായ നഷ്ടപരിഹാരമില്ലാതെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹരജി
text_fieldsകൊച്ചി: 2013ലെ നിയമം നിലവിലിരിക്കെ പൊതു ആവശ്യത്തിനെന്ന പേരിൽ 1872ലെ നിയമപ്രകാരം നിർബന്ധപൂർവം ഭൂമി ഏറ്റെടുത്ത നടപടി ചോദ്യം ചെയ്ത് ഹൈകോടതിയിൽ ഹരജി. 42 പേരെ കുടിയൊഴിപ്പിക്കേണ്ട പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങളെ നിർബന്ധപൂർവം കുടിയൊഴിപ്പിച്ചെന്നും തങ്ങൾക്കും 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് 10 പേരാണ് പൊതുതാൽപര്യഹരജി നൽകിയത്.
ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇത് സിംഗിൾ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു.
42ൽ 10 പേരിൽനിന്ന് 1872ലെ നിയമപ്രകാരം നിർബന്ധപൂർവം വിൽപനയാധാരം എഴുതിപ്പിച്ച് സ്ഥലം ഒഴിപ്പിച്ച നടപടി ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്ന് ഹരജിയിൽ പറയുന്നു. 2013ലെ നിയമപ്രകാരം ന്യായമായ നഷ്ടപരിഹാരത്തിന് അവകാശമുണ്ടായിട്ടും നിഷേധിക്കാനുള്ള ഗൂഢോദ്ദേശ്യത്തോടെയാണ് 10 പേരിൽനിന്ന് വിൽപന ആധാരം എഴുതി വാങ്ങിയത്. ഭൂവുടമയോ ബന്ധുക്കളോ ഈ ഭൂമിയിൽ കൂടുതൽ അവകാശങ്ങൾ ഉന്നയിക്കുകയോ വ്യവഹാരത്തിന് പോവുകയോ ചെയ്യില്ലെന്ന് ഉറപ്പുവാങ്ങിയാണ് കുടിയൊഴിപ്പിക്കൽ.
എന്നാൽ, പുതിയ നിയമം നിലവിലിരിക്കെ പഴയ ആക്ടിലൂടെ ഭൂമി ഏറ്റെടുത്ത നടപടി ഭരണഘടനപരമായി നിലനിൽക്കില്ലെന്ന് ഹരജിയിൽ പറയുന്നു. പ്രഥമദൃഷ്ട്യാ ഈ നടപടി അസാധുവുമാണ്. അധികാര ദുർവിനിയോഗമാണ് സർക്കാർ നടത്തിയത്. 2013ലെ നിയമം അവഗണിച്ച് സ്ഥലം ഏറ്റെടുക്കാൻ സർക്കാറിന് അധികാരമില്ല.
പൊതുആവശ്യത്തിന് സ്ഥലം ഏറ്റെടുക്കുമ്പോൾ എല്ലാ ഭൂവുടമകളെയും ഒരേപോലെ പരിഗണിക്കണം. സ്വത്തവകാശം ഭരണഘടനാവകാശം മാത്രമല്ല, മനുഷ്യാവകാശവും കൂടിയാണ്. അതിനാൽ 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം നൽകുകയും ഭൂവുടമകളെ കൊള്ളയടിക്കുന്ന സ്ഥലമെടുപ്പ് നടപടികൾ അവസാനിപ്പിക്കുകയും വേണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

