ആദ്യം പറന്നെത്തി ‘ഇവ’ താരമായി
text_fieldsവിദേശത്തുനിന്ന് കൊച്ചി വിമാനത്താവളത്തിൽ ആദ്യമായി എത്തിയ ‘ഇവ’ എന്ന പൂച്ചക്കുട്ടി
നെടുമ്പാശ്ശേരി: സങ്കരയിനത്തിൽപെട്ട ഒരുവയസ്സുകാരി ‘ഇവ’ എന്ന വെളുത്ത പൂച്ചക്കുട്ടി വ്യാഴാഴ്ച കൊച്ചി വിമാനത്താവളം വഴി പറന്നിറങ്ങിയത് ചരിത്രത്തിലേക്ക് കൂടിയാണ്. വിദേശത്തുനിന്ന് ഓമനമൃഗങ്ങളെ കൊണ്ടുവരാനുള്ള സർട്ടിഫിക്കേഷൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ ലഭിച്ചശേഷം ആദ്യമായാണ് ഒരു മൃഗം കൊച്ചി വിമാനത്താവളത്തിൽ എത്തുന്നത്. രാവിലെ 10.17ന് എയർ ഇന്ത്യയുടെ എ.ഐ 954 വിമാനത്തിൽ ദോഹയിൽനിന്നാണ് തൃശൂർ ചേലക്കര സ്വദേശിയായ കെ.എ. രാമചന്ദ്രന്റെ ഓമനയായ ‘ഇവ’ കൊച്ചിയിലെത്തിയത്.
ഒരുവർഷത്തിലേറെയായി ‘ഇവ’ രാമചന്ദ്രന്റെ കൂടെയുണ്ട്. നാട്ടിലേക്ക് മടങ്ങുമ്പോൾ കൂടെ കൂട്ടാതിരിക്കാൻ തോന്നിയില്ല. പൂച്ചക്കുട്ടിക്കും പാസ്പോർട്ടും യാത്രയുടെ മറ്റ് നടപടിക്രമങ്ങളുമെല്ലാം പൂർത്തിയാക്കിയ ശേഷമാണ് കൊണ്ടുവരാനായത്. ഇതിന് 340 റിയാൽ ചെലവായി.
ഓമന മൃഗങ്ങളെ കൊണ്ടുവരാൻ മുമ്പ് ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു വിമാനത്താവളങ്ങളിൽ മാത്രമാണ് സൗകര്യമുണ്ടായിരുന്നത്. ഈ വർഷം ജൂലൈയിൽ കൊച്ചി വിമാനത്താവളത്തിലും (സിയാൽ) ‘പെറ്റ് എക്സ്പോർട്ട്’ സൗകര്യം നിലവിൽവന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽനിന്ന് ‘അനിമൽ ക്വാറന്റീൻ ആൻഡ് സർട്ടിഫിക്കേഷൻ സർവിസ്’ (എ.ക്യു.സി.എസ്) അനുമതി ലഭിച്ചതോടെ ‘പെറ്റ് എക്സ്പോർട്ട് - ഇംപോർട്ട്’ സൗകര്യങ്ങളുള്ള കേരളത്തിലെ ഏക വിമാനത്താവളമായി ‘സിയാൽ’ മാറി. വിപുല സൗകര്യങ്ങളുള്ള പെറ്റ് സ്റ്റേഷൻ, വെറ്ററിനറി ഡോക്ടറുടെ സേവനം, ക്വാറന്റീൻ സെന്റർ സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച പുലർച്ച ബെൽജിയത്തിൽനിന്ന് നായ്ക്കുട്ടികൂടി കൊച്ചി വിമാനത്താവളത്തിൽ എത്തും. മൃഗങ്ങളെ പരിശോധിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമേ പുറത്തിറങ്ങാൻ അനുവദിക്കൂ. പരിശോധനയിൽ ‘ഇവ’ക്ക് അസുഖങ്ങളൊന്നും കണ്ടെത്തിയില്ല. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ 15 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. മികച്ച സേവനമാണ് ‘സിയാൽ’ നൽകിയതെന്ന് രാമചന്ദ്രൻ പറഞ്ഞു.
വളർത്തുമൃഗങ്ങളെ കൊണ്ടുവരാൻ
വിദേശത്തുനിന്ന് വളർത്തുമൃഗങ്ങളെ കൊണ്ടുവരാനും കൊണ്ടുപോകാനുമുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നതിന് എയർലൈനുകളെയോ കാർഗോ ഹാൻഡ് ലിങ് ഏജൻസികളെയോ ആണ് ആദ്യം ബന്ധപ്പെടേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: https://aqcsindia.gov.in/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

