പെരുമ്പാവൂർ: കൊല്ലപ്പെട്ട ജിഷയുടെ പിതാവ് കുറ്റിക്കാട്ടുപറമ്പിൽ പാപ്പു(65)വിനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപമത്തുള്ള വഴിയരികിലാണ് മരിച്ച നിലയിൽ കണ്ടത്. അസുഖബാധിതനായിരുന്ന പാപ്പൂ രണ്ടു ദിവസങ്ങളായി അവശതയിലായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥത്തെത്തി പരിശോധനകൾ നടത്തി.
കേസിലെ മഹസർ സാക്ഷി ഇരിങ്ങോൾ വട്ടോളിപ്പടി പുത്തൻകുടി പി.എം. സാബുവിനെ (38) ഇക്കഴിഞ്ഞ ജൂലൈ 29ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജിഷയുടെ അയൽവാസിയായ സാബുവിനെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു.
ജിഷാവധക്കേസിൽ വിചാരണ നടപടികൾ അവസാനഘട്ടത്തിലാണ്. പ്രതിഭാഗത്തുനിന്ന് വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടിക കഴിഞ്ഞദിവസം കോടതിക്ക് കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ എന്നിവർ അടക്കം 30 പേരുടെ പട്ടികയാണ് പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ വിചാരണ നടക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറിയത്. ഇവരെ വിസ്തരിക്കാൻ അനുമതി നൽകണമോ എന്ന കാര്യത്തിൽ കോടതി വ്യാഴാഴ്ച തീരുമാനമെടുക്കും. ജിഷയുടെ പിതാവ് പാപ്പു, സഹോദരി ദീപ തുടങ്ങിയവരും പട്ടികയിലുണ്ട്. ജിഷയുടെ മാതാവ് അടക്കം അഞ്ച് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഉത്തരവിടണമെന്ന പ്രതിഭാഗത്തിെൻറ അപേക്ഷ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.