കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം; പെരുമ്പളം പാലം ഇനി നാടിന് സ്വന്തം
text_fieldsആലപ്പുഴ: പെരുമ്പളം ദ്വീപുകാരുടെ സ്വപ്നം പൂവണിയുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ പാലം ശനിയാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ബോട്ടും വള്ളവും ജങ്കാറും ഉപയോഗിച്ചുള്ള ദ്വീപിലെ 12,000 ജനങ്ങളുടെ യാത്രാക്ലേശത്തിനാണ് പരിഹാരമായത്. കേരളത്തിലെ കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലം കിഫ്ബി ഫണ്ടിൽനിന്ന് 106.7 കോടി മുടക്കിയാണ് നിർമിച്ചത്. പാലത്തിന് മധ്യത്തിലെ ബോസ്ട്രിങ് ആർച്ചുകളിൽ ഏഴ് വർണങ്ങൾ വിരിഞ്ഞുനിൽക്കുന്നതിനാൽ ‘മഴവിൽ’ പാലമെന്നാണ് നാട്ടുകാർ വിളിക്കുന്നത്.
പെരുമ്പളം ദ്വീപ് നിവാസികൾ കരയിലേക്ക് കൈനീട്ടുമ്പോൾ പാലത്തിന്റെ രൂപത്തിലും ആമഴവിൽ ചന്തമുണ്ട്. 1157 മീറ്റർ നീളവും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുമുണ്ട്. ബോസ്ട്രിങ് ആർച്ചുകൾ ഉള്ളിടത്ത് 12 മീറ്റർ വീതിയുണ്ട്. പാലത്തിന്റെ ഇരുകരകളിലും 300 മീറ്റർ നീളത്തിലും 9.5 മീറ്റർ വീതിയിലും അപ്രോച്ച് റോഡുകളുണ്ട്. പാലത്തിന്റെ പടിഞ്ഞാറേക്കര അരൂക്കുറ്റി വടുതലജെട്ടി ഭാഗവും കിഴക്കേക്കര പെരുമ്പളം ദ്വീപുമാണ്.
14 വാർഡുകളുള്ള പഞ്ചായത്താണ് പെരുമ്പളം ദ്വീപ്. ചേർത്തല-അരൂക്കുറ്റി റോഡിൽനിന്ന് പെരുമ്പളം ദ്വീപ് വഴി വൈക്കം- പൂത്തോട്ട- തൃപ്പൂണിത്തുറ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്ന റോഡിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് പെരുമ്പളം പാലം വരുന്നത്.
2019ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലത്തിന് തറക്കല്ലിട്ടത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്. നേരത്തെ നാട്ടുകാരെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്നത് ബോട്ട്, ജങ്കാർ സർവിസുകളാണ്. കൊച്ചി ഭാഗത്തേക്ക് പൂത്തോട്ട, സൗത്ത് പറവൂർ സർവിസുകളും ആലപ്പുഴയിലേക്ക് പാണാവള്ളി സർവിസും.
ആകെ ഏഴ് സർവിസ് ബോട്ടുകളും ഒരു ആംബുലൻസ് ബോട്ടുമുണ്ടായിരുന്നു. ഇനി അതെല്ലാം പഴങ്കഥയാകും. പാലത്തിന്റെ കിഴക്കേക്കരയായ പെരുമ്പളം ഭാഗത്ത് അപ്രോച്ച് റോഡ് ചതുപ്പ് പ്രദേശമായതിനാൽ എണ്ണായിരത്തോളം തെങ്ങിൻകുറ്റികൾ താഴ്ത്തിയും ചെമ്മണ്ണ് നിറച്ചുമാണ് ഭൂമി ഉയർത്തിയത്. അപ്രോച്ച് റോഡിന് ഭാവിയിൽ കേടുവരാതിരിക്കാനും വശങ്ങൾ സുരക്ഷിതമാക്കാനും ജിയോഗ്രിഡ്, ജിയോടെക്സ് ഉൾപ്പെടെ സംവിധാനങ്ങളുമുണ്ട്. പാലത്തിന്റെ രണ്ടറ്റത്തും അപ്രോച്ച് റോഡിന് 300 മീറ്റർ നീളവും 9.5 മീറ്റർ വീതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

