പെരുമൺ ദുരന്തത്തിന് ഇന്ന് 34 വയസ്സ്
text_fieldsപെരുമൺ ദുരന്ത സ്മാരക സ്മൃതി മണ്ഡപം
അഞ്ചാലുംമൂട്: നാടിനെ നടുക്കിയ പെരുമൺ തീവണ്ടി അപകടത്തിന് ഇന്ന് 34ാം വാർഷികം. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും അപകടത്തിന്‍റെ കാരണം ദുരൂഹമാണ്. 1988 ജൂലൈ എട്ടിനാണ് ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഐലൻഡ് എക്സ്പ്രസിന്‍റെ എട്ട് ബോഗികൾ ഉച്ചക്ക് 12.56ന് പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിലേക്ക് പതിച്ചത്. 105 പേർ മരിക്കുകയും 600 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രണ്ട് അന്വേഷണ കമീഷനെ നിയോഗിച്ചിരുന്നെങ്കിലും ടൊർണാഡോ ചുഴലിക്കാറ്റ് അടിച്ചതാണ് അപകട കാരണമെന്ന റിപ്പോർട്ടിൽ അന്വേഷണം ഒതുങ്ങി. ചുഴലിക്കാറ്റാണ് അപകടമുണ്ടാക്കിയതെന്ന വാദം നാട്ടുകാർ ഇനിയും വിശ്വസിച്ചിട്ടില്ല.
ദുരന്തം നടന്ന ദിവസം പാലത്തിലും സമീപത്തും പാളത്തിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്നെന്നും ഇതിൽ ഏർപ്പെട്ട ജീവനക്കാർ വിശ്രമിക്കാൻ പോയ സമയത്ത് പാളത്തിൽ അറ്റകുറ്റപ്പണികളുടെ സിഗ്നലുകൾ സ്ഥാപിക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്നുമാണ് അവർ വിശ്വസിക്കുന്നത്. നഷ്ടപരിഹാരത്തുക ഇനിയും കൊടുത്തിട്ടില്ലെന്ന പരാതിയുമുണ്ട്.
വെള്ളിയാഴ്ച രാവിലെ 9.30ന് പെരുമണിലെ സ്മാരക സ്തൂപത്തിന് സമീപം ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ലൈഫ് മെംബേഴ്സ്, കടപ്പായിൽ നഴ്സിങ് ഹോം അഞ്ചാലുംമൂട്, ഫ്രണ്ട്സ് ഓഫ് ബേർഡ്സ് അ ഞ്ചാലുംമൂട്, കേരള പ്രതികരണവേദി, കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ നടക്കും. യോഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. കെ.വി. ഷാജി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ സാമൂഹിക-സാംസ്കാരിക നായകന്മാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

