അനുനയ വഴിയിൽ ചെന്നിത്തല; ആഭ്യന്തരം വേണം, വിശ്വസ്തർക്ക് ഇരിപ്പിടവും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പദവി ലഭിക്കാത്തതിനെ തുടർന്ന് ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തല ഒടുവിൽ അനുനയത്തിന് വഴങ്ങുന്നു. ഹൈകമാൻഡ് ഇടപെടലിനും ഒപ്പം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ സന്ദർശനത്തിനും പിന്നാലെയാണ് മഞ്ഞുരക്കത്തിന് വഴിയൊരുങ്ങുന്നത്.
അതേ സമയം, ചില ഉപാധികൾ ചെന്നിത്തല ഹൈകമാൻഡിനും കെ.പി.സി.സി നേതൃത്വത്തിനും മുന്നിൽ വെച്ചതായാണ് വിവരം. തനിക്കൊപ്പം നിലയുറപ്പിച്ച അൻവർ സാദാത്ത്, ടി.ജി. വിനോദ് എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയാണ് ഇതിലൊന്ന്. ആഭ്യന്തര വകുപ്പ് തനിക്ക് വേണമെന്നതാണ് മറ്റൊന്ന്.
ചെന്നിത്തല മന്ത്രിസഭയിൽ പങ്കാളിയാകണമെന്നതിൽ രണ്ടഭിപ്രായമില്ലെങ്കിലും വകുപ്പുകളുടെയും ഉപാധികളുടെയും കാര്യത്തിൽ തുടർചർച്ചകളും സമവായങ്ങളും വേണ്ടിവന്നേക്കും. വകുപ്പുകളിൽ മുഖ്യമന്ത്രിക്കുകൂടി വിവേചനാധികാരമുണ്ടെന്നതിനാൽ വി.ഡി. സതീശന്റെ നിലപാടും നിർണായകമാണ്.
ആഭ്യന്തര വകുപ്പിൽ ചെന്നിത്തല അവകാശ വാദമുന്നയിക്കുന്നുണ്ടെങ്കിലും വിട്ടുകിട്ടുമോ എന്നതിൽ വ്യക്തതയില്ല. താൻ മുമ്പ് കൈകാര്യം ചെയ്തിരുന്ന വകുപ്പാണെന്നതാണ് ചെന്നിത്തലയുടെ ‘ആഭ്യന്തര വാദ’ത്തിലെ പിടിവള്ളി. എന്നാൽ, മുഖ്യമന്ത്രിതന്നെ ആഭ്യന്തരവും കൈവശം വെക്കുന്ന കീഴ്വഴക്കമുള്ളതിനാൽ സതീശന് താൽപര്യമുണ്ടെങ്കിൽ പ്രയാസമാകും. പകരം ചെന്നിത്തലക്ക് ധനവകുപ്പ് മുന്നോട്ടുവെച്ചാകും കോൺഗ്രസിലെ ഒത്തുതീർപ്പ് ഫോർമുല. ഇത് പക്ഷേ, അദ്ദേഹം അംഗീകരിക്കുമോയെന്ന് കണ്ടറിയണം.
ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാൻ ഏത് വകുപ്പ് നൽകാനും പാർട്ടി തയാറാണെന്നാണ് ഒപ്പമുള്ളവർ വ്യക്തമാക്കുന്നത്. മറുകേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ പ്രകാരം കാര്യങ്ങൾ അത്രത്തോളം ഉദാരവുമല്ല. ഫലത്തിൽ വകുപ്പ് വിഭജനം സംബന്ധിച്ച് ശനിയാഴ്ച ഉഭയകക്ഷി ചർച്ചകൾ നടക്കുന്നതിന് സമാന്തരമായി ചെന്നിത്തലയുമായി അനുനയ ചർച്ചകളും നടക്കും.
വസതിയിലെത്തി ചർച്ച നടത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, മന്ത്രിസഭയിൽ ചേരണമെന്ന് ചെന്നിത്തലയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, സര്‍ക്കാറിന് ചെന്നിത്തലയുടെ സേവനം വേണമെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നുമുള്ള ദീപ ദാസ് മുൻഷിയുടെ വാക്കുകളിൽ ശുഭാപ്തി വിശ്വാസം പ്രകടവുമാണ്. അദ്ദേഹത്തിനൊപ്പമുള്ള എം.എൽ.എമാർ സതീശനുമായും കെ.പി.സി.സി പ്രസിഡന്റുമായും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രി പദവി നൽകാത്തതിൽ അതൃപ്തിയുള്ള ചെന്നിത്തല കഴിഞ്ഞ ദിവസത്തെ പാർലമെന്ററി പാർട്ടിയോഗത്തിലോ വെള്ളിയാഴ്ച യു.ഡി.എഫ് യോഗത്തിലോ പങ്കെടുത്തില്ല. ഗുരുവായൂർ ക്ഷേത്ര സന്ദർശനമായിരുന്നു പാർലമെന്ററി പാർട്ടി യോഗത്തിലെ അസാന്നിധ്യത്തിന് കാരണമായി ചൂണ്ടിക്കാട്ടിയതെങ്കിൽ, തലസ്ഥാനത്തുണ്ടായിട്ടും മുന്നണി യോഗത്തിൽനിന്ന് വിട്ടുനിന്നത് അതൃപ്തി പ്രകടമാക്കാനാണെന്നത് വ്യക്തം. തലസ്ഥാനത്തെത്തിയ കെ.സി. വേണുഗോപാൽ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

