പരിശോധന നടത്താത്തയാൾ കോവിഡ് 'പോസിറ്റിവ്'; പിഴവ് താലൂക്ക് ആശുപത്രിയുടേത്
text_fieldsകട്ടപ്പന: താലൂക്ക് ആശുപത്രിയിലെ കോവിഡ് പരിശോധനയിൽ പിഴവ്. ആൻറിജൻ ടെസ്റ്റ് നടത്താത്ത വ്യക്തിക്ക് കോവിഡ് പോസിറ്റിവ് ആണെന്ന് പരിശോധനഫലം നൽകി. കട്ടപ്പന ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലാണ് വീഴ്ചയുണ്ടായത്.
തിങ്കളാഴ്ചയാണ് സംഭവം. കട്ടപ്പന സ്വദേശിയും റിട്ട. എ.എസ്.ഐയുമായ വ്യക്തി കുടുംബസമേതം ഇരുപതേക്കർ ആശുപത്രിയിൽ ആൻറിജെൻ പരിശോധനക്ക് എത്തി. ഡോക്ടറെ കണ്ടശേഷം ടെസ്റ്റ് നടത്താൻ ക്യൂവിൽ കാത്തു നിൽക്കുകയായിരുന്നു. അതിനിടെ ഇവിടെ ക്യുനിന്ന ഒരാൾ കുഴഞ്ഞുവീണു.
ഇയാൾക്ക് പിന്നീട് കോവിഡ് േപാസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. കട്ടപ്പന സ്വദേശിയാകട്ടെ ക്യൂവിലുണ്ടായിരുന്നയാൾ കുഴഞ്ഞുവീണതോടെ പരിശോധനക്ക് നിൽക്കാതെ ടെസ്റ്റ് നടത്താതെ ആശുപത്രിയിൽനിന്ന് തിരിച്ചുപോയി.
ഇതിനിടെയാണ് ഇടുക്കി മെഡിക്കൽ കോളജിൽ നിന്ന് ഇദ്ദേഹത്തെ വിളിക്കുകയും കോവിഡ് പോസിറ്റിവ് ആണെന്ന് അറിയിക്കുകയും ചെയ്‌തത്. സംഭവിച്ചത് ജീവനക്കാരുടെ ഭാഗത്തുണ്ടായ ക്ലെറിക്കൽ പിഴവാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഇനി ഇത്തരത്തിൽ പിശകുണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചതായും ആശുപത്രി അധികൃതർ പറഞ്ഞു.