കഞ്ചിക്കോട് ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി: പിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവും-രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ടെണ്ടര്‍ വിളിക്കാതെയും യാതൊരു നടപടിക്രമങ്ങള്‍ പാലിക്കാതെയും ഓയാസിസ് കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പാലക്കാട് കഞ്ചിക്കോട് ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി നല്‍കിയതിന്റെ കാരണം അഴിമതിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മന്ത്രി എം. ബി രാജേഷ് കാര്യങ്ങള്‍ ജനങ്ങള്‍ക്കു മുമ്പാകെ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ കമ്പനിയുടെ കൈയില്‍ നിന്ന് അപേക്ഷ വാങ്ങി മന്ത്രിസഭയുടെ മുന്നില്‍ അനുമതിക്കു സമര്‍പ്പിച്ചത് എക്‌സൈസ് മന്ത്രിയാണ്. ഈ കമ്പനിയില്‍ രാജേഷിനും ഇടതു സര്‍ക്കാരിനുമുള്ള പ്രത്യേക താല്‍പര്യം വെളിവാക്കണം. മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയതത് എന്നാണ് മന്ത്രി രാജേഷ് പറയുന്നത്. അങ്ങനെയെങ്കില്‍ ടെണ്ടര്‍ വിളിക്കണ്ടേ.
എല്ലാ ചട്ടങ്ങളും പാലിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ടെണ്ടര്‍ പോലും വിളിക്കാതെ എന്തു ചട്ടമാണ് പാലിച്ചത്. കേരളത്തില്‍ 17 ല്‍പരം ഡിസ്റ്റിലറികളില്‍ ഇ.എൻ.എ ഉല്‍പാദനത്തിന് ലൈസന്‍സ് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ ഡിസ്റ്റിലറീസിന് എന്തുകൊണ്ടാണ് അനുമതി നല്‍കാതിരുന്നത്.
തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ സ്വകാര്യമേഖലയിലെ സൂപ്പര്‍ സ്റ്റാര്‍ ഡിസ്റ്റിലറീസ് എന്ന സ്ഥാപനത്തില്‍ മരച്ചീനിയില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് ഒയാസിസ് എന്നാണ് മന്ത്രി എംബി രാജേഷ് പറയുന്നത്. ഇന്ത്യയിലെ ഏതെങ്കിലും കമ്പനിക്ക് ഈ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമോ.
രാജേഷ് എന്തൊക്കെയാണ് പറയുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കഴിഞ്ഞ തവണ യാതൊരു പരിചയവുമില്ലാത്ത കടലാസ് കമ്പനികള്‍ക്ക് ഡിസ്റ്റിലറി അനുവദിച്ചു കൊടുത്തത് ഓര്‍ത്തായിരിക്കും മന്ത്രി ഇപ്പോള്‍ സംസാരിക്കുന്നത്. അന്ന് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് കാരണമാണ് ആ പദ്ധതി നടക്കാതെ വന്നത്.
കേരളത്തിലെ ഡിസ്റ്റിലറികള്‍ ഒരു വര്‍ഷം ഉല്‍പാദിപ്പിക്കുന്ന മദ്യം ഇവിടെ ചെലവാകുന്നുണ്ടോ എന്ന കാര്യം കൂടി മന്ത്രി വ്യക്തമാക്കണം. 1999 ലെ എക്‌സിക്യൂട്ടിവ് ഓര്‍ഡര്‍ നിനില്‍ക്കുന്ന കാലത്തോളം ഇവിടെ പുതിയ ഡിസ്റ്റിലറികള്‍ അനുവദിക്കാന്‍ പാടുള്ളതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

