വനാതിർത്തിയിൽനിന്നും പുറത്തുവരുന്ന മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകണം -ഡീൻ കുര്യാക്കോസ്
text_fieldsന്യൂഡൽഹി: വനാതിർത്തിയിൽനിന്നും പുറത്തുകടന്ന് മനുഷ്യനെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. പത്ത് വർഷത്തിനിടെ 1250 ആളുകൾ കേരളത്തിൽ തന്നെ കൊല്ലപ്പെട്ടു. ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിൽ കഴിഞ്ഞ മാസം 20 ദിവസത്തിനിടെ അഞ്ചുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതുസംബന്ധിച്ച് രണ്ടു സർക്കാരുകളും പരസ്പരം പഴിപറഞ്ഞ് രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ചുമതല സംസ്ഥാന സർക്കാറിൽ നിക്ഷിപ്തമണെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡന് ഏതു മൃഗത്തേയും കൊല്ലാൻ അനുമതി നൽകാവുന്നതാണെന്നും കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ നിയമ ഭോഗതിയിലൂടെ മാത്രമേ മൃഗങ്ങളെ കൊല്ലാൻ കഴിയുകയുള്ളൂ എന്നാണ് സംസ്ഥാനം പറയുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് സംസ്ഥാന സർക്കാർ നയമനുസരിച്ച് അനുമതി ലഭിച്ച ശേഷം മാത്രമേ മൃഗങ്ങളെ വകവരുത്താൻ അനുവദിക്കുകയുള്ളൂവെന്നും സംസ്ഥാനം പറയുന്നു.
വനത്തിന് പുറത്തുകടന്ന് മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ഏതു മൃഗമാണെങ്കിലും അവയെ കൊല്ലാനുള്ള അനുമതി എല്ലാവർക്കും നൽകണം. വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ചും അമേരിക്ക, ആസ്ട്രേലിയ, ചൈന, കാനഡ തുടങ്ങിയയിടങ്ങളിൽ നായാട്ട് നിശ്ചിത സമയത്ത് അനുവദനീയമാണ്. അതുപോലെ നമ്മുടെ രാജ്യത്തും ഓരോ വനത്തിന്‍റെയും ശേഷിക്കപ്പുറത്തുള്ള മൃഗങ്ങളുടെ എണ്ണം പെരുകിയാൽ അവയെ കൊല്ലാനുള്ള അനുമതി പ്രാബല്യത്തിൽ വരണം. ആ നിലയിൽ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.