Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ പ്രശ്നത്തിന് പരിഹാരം; സമ്മതപത്രത്തിൽ ഒപ്പുവെച്ച് ഇരുകൂട്ടരും

text_fields
bookmark_border
സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ ഇരുവിഭാഗവും അംഗീകരിക്കുകയായിരുന്നു
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ പ്രശ്നത്തിന് പരിഹാരം; സമ്മതപത്രത്തിൽ ഒപ്പുവെച്ച് ഇരുകൂട്ടരും
cancel

കൊച്ചി: എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് അരനൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന മലയിടംതുരുത്ത് പാരിയത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശാശ്വത പരിഹാരം. സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ ഇരുവിഭാഗവും അംഗീകരിക്കുകയും സമ്മതപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

ഇന്ന് കേസ് പരിഗണിക്കാനിരിക്കെ, ഇരു പാർട്ടികളും ഒപ്പിട്ട കരാർ രേഖകൾ അഡ്വക്കേറ്റ് ജനറൽ മുഖേന ഹൈകോടതിയിൽ സമർപ്പിക്കും. മന്ത്രി റോജി എം. ജോണിന്റെ സാന്നിധ്യത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന സുപ്രധാന ചർച്ചകൾക്കൊടുവിലാണ് സമവായ തീരുമാനം.

കരാറിലെ ഏറ്റവും പ്രധാന വ്യവസ്ഥ പാരിയത്തുകാവ് നിവാസികളായ ഏഴ് കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടതാണ്. നിലവിൽ ഈ കുടുംബങ്ങൾ താമസിക്കുന്ന വസ്തുവിനോട് ചേർന്ന് തന്നെ ഓരോ കുടുംബത്തിനും അഞ്ച് സെന്റ് ഭൂമി വീതം വിട്ടുനൽകാൻ ചർച്ചയിൽ തീരുമാനമായി. തുടർന്ന് ഈ ഭൂമിയിൽ 1000 സ്ക്വയർ ഫീറ്റിൽ കുറയാത്ത പുതിയ വീടുകൾ സർക്കാർ മുൻകൈയെടുത്ത് നിർമിച്ച് നൽകും. സ്പോൺസർഷിപ്പ് അടിസ്ഥാനത്തിലാകും ഇതിനുള്ള ഫണ്ട് കണ്ടെത്തുക.

ഒരുവർഷത്തിനകം വീടുകളുടെ നിർമാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് കൈമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വീടുകളിലേക്കും ഭൂമിയിലേക്കും സുഗമമായി എത്തിച്ചേരുന്നതിനായി മൂന്ന് മീറ്റർ വീതിയുള്ള പുതിയ വഴി അനുവദിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

പുതിയ വീടുകളുടെ നിർമാണം പൂർത്തിയാകുന്നത് വരെ നിലവിലുള്ള വീടുകളിൽതന്നെ തടസ്സമില്ലാതെ തുടരാൻ ഈ ഏഴ് കുടുംബങ്ങൾക്ക് സാധിക്കും. പുതിയ വീടുപണി പൂർത്തിയാകുന്നതോടെ ഇവർ അവിടേക്ക് മാറും. കൂടാതെ, ഭൂമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി വിവിധ കോടതികളിലായി നിലനിൽക്കുന്ന മുഴുവൻ സിവിൽ-ക്രിമിനൽ കേസുകളും പിൻവലിക്കാനും ഇരുവിഭാഗവും തമ്മിൽ ധാരണയിലെത്തി. ഇതോടെ ഈ വിഷയത്തിലുള്ള എല്ലാവിധ നിയമപരമായ തടസ്സങ്ങളും നീങ്ങുകയും ശാശ്വതമായ സമാധാനം ഉറപ്പാവുകയും ചെയ്തു.

ജില്ല കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ മന്ത്രി റോജി എം. ജോണിന് പുറമെ വി.പി. സജീന്ദ്രൻ എം.എൽ.എ, എറണാകുളം റൂറൽ എസ്.പി കെ.എസ്. സുദർശൻ, അഡീഷണൽ ജില്ല മജിസ്ട്രേറ്റ് കെ. മനോജ്, മൂവാറ്റുപുഴ ആർ.ഡി.ഒ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Permanent Solution to Malayidanthuruth Land Dispute; Parties Ink Agreement
Next Story