കരകവിഞ്ഞ് പെരിയാർ; മണപ്പുറം വെള്ളത്തിനടിയിലായി
text_fieldsആലുവ: തോരാമഴയിൽ പെരിയാർ കരകവിഞ്ഞു. പുഴ രണ്ടായി പിരിയുന്ന ആലുവയിൽ മണപ്പുറം പൂർണമായും വെള്ളത്തിനടിയിലായി. മണപ്പുറം മഹാദേവ ക്ഷേത്രത്തിലും വെള്ളം കയറി. ശനിയാഴ്ച രാത്രിയോടെ മണപ്പുറത്ത് വെള്ളം കയറിത്തുടങ്ങിയിരുന്നു. ക്ഷേത്രത്തിെൻറ മേൽക്കൂരക്ക് തൊട്ടുതാഴെവരെ വെള്ളമെത്തി. ഇതേ തുടർന്ന് തിങ്കളാഴ്ച പുലർച്ച 3.15 ഓടെ ക്ഷേത്രത്തിൽ ആറാട്ട് നടന്നു.
വിവരമറിഞ്ഞ് നിരവധി ഭക്തർ ആറാട്ട് ദർശിക്കാനെത്തി. ആൽത്തറയിലെ ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിെൻറ ഭാഗമായി പ്രത്യേക പൂജകൾ നടന്നു. വെള്ളം ഇറങ്ങി ശിവലിംഗം തെളിയുന്നതോടെ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ആറാട്ട് സദ്യയും നടക്കും. തിങ്കളാഴ്ച പകൽ സമയത്ത് ഏറെനേരം മഴ മാറി നിന്നെങ്കിലും ജലനിരപ്പ് ഉയരുകയായിരുന്നു. ഒരു മാസത്തിനിടെ മൂന്ന് തവണ പെരിയാർ കരകവിഞ്ഞ് ക്ഷേത്രത്തിൽ വെള്ളം കയറിയെങ്കിലും ആറാട്ട് ഉത്സവം നടന്നിരുന്നില്ല.
ക്ഷേത്രം മേൽശാന്തി മുല്ലപ്പിള്ളി മനയിൽ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് പ്രത്യേക പൂജകൾ നടക്കുന്നത്. അതേസമയം, പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തീരപ്രദേശങ്ങളിലെ ഏക്കർ കണക്കിന് കൃഷി വെള്ളത്തിലാണ്. വെള്ളക്കെട്ട് ഇതേ അവസ്‌ഥയിൽ തുടർന്നാൽ കൃഷികൾ നശിക്കും. ജാതി, വാഴ, കപ്പ, പയർ തുടങ്ങിയവയാണ് കൂടുതലായും വെള്ളത്തിലായത്. ഓണവിപണി ലക്ഷ്യമിട്ടുള്ള പച്ചക്കറി, വാഴ കൃഷികൾ നശിച്ചാൽ പ്രാദേശിക ഉൽപന്നങ്ങൾ ലഭ്യമല്ലാതാകും. കർഷകർക്ക് വലിയ നഷ്‌ടവും സംഭവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
