Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ജയരാജൻ ജയിലിൽ പോയില്ലെങ്കിലാണ് തെറ്റ് -ന്യായീകരിച്ച് എം.വി. ജയരാജൻ

text_fields
bookmark_border
പി. ജയരാജൻ ജയിലിൽ പോയില്ലെങ്കിലാണ് തെറ്റ് -ന്യായീകരിച്ച് എം.വി. ജയരാജൻ
cancel

കണ്ണൂർ: പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളെ സ്വീകരിക്കാനും കാണാനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ പോയതിനെ ന്യായീകരിച്ച് പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗം കൂടിയായ പി. ജയരാജൻ തടവുകാരെ കാണാൻ പോയതിൽ പ്രശ്നമൊന്നും ഇല്ലെന്നും കാണാൻ പോയില്ലെങ്കിലാണ് തെറ്റെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘പി. ജയരാജൻ ജയിൽ ഉപദേശക സമിതി അംഗമാണ്. ജയിലിൽ പോയി തടവുകാരെ കണ്ടില്ലെങ്കിലാണ് തെറ്റ്. സെഷൻസ് ജഡ്ജ് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ പ്രശ്നങ്ങൾ അറിയാൻ പോകുന്നുണ്ട്. സെഷന്‍സ് ജഡ്ജി ആണ് ജയില്‍ ഉപദേശക സമിതി ചെയര്‍മാന്‍. അദ്ദേഹം പോകുന്നത് തെറ്റാ​ണോ? ജയിൽ ഉപദേശക സമിതി അംഗം ജയിലിൽ പോകുന്നതിൽ പുതുമയൊന്നുമില്ല. ജയിലിൽ ധാരാളമാളുകൾ വരുന്നുണ്ട്. റിമാൻഡ് തടവുകാരെയും ശിക്ഷിക്കപ്പെടുന്നവരുടെയും കാണാൻ ഞങ്ങളൊക്കെ പോകാറുണ്ട്. ഞാൻ പൂജപ്പുര ജയിലിൽ കിടന്നപ്പോൾ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കാണാൻ വന്നിട്ടുണ്ട്. ജയിൽ ഉപദേശകസമിതിയായിട്ടും പി ജയരാജൻ ജയിലിൽ പോയിട്ടില്ലെങ്കിലാണ് തെറ്റ്’ -എം.വി. ജയരാജൻ പറഞ്ഞു.

പെരിയയിൽ യൂ​ത്ത് കോൺഗ്രസ് പ്രവർത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം പ്രവർത്തകരായ കുറ്റവാളികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന് പുറത്ത് ഇന്നലെ വൻ സ്വീകരണമാണ് ഒരുക്കിയത്. നൂറോളം സി.പി.എം പ്രവർത്തകർ ജയിലിന് പുറത്ത് തമ്പടിച്ച് മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനും കുറ്റവാളികളെ കാണാനെത്തിയിരുന്നു. കെ.വി കുഞ്ഞിരാമൻ അടക്കം അഞ്ചു സഖാക്കളെ കണ്ടുവെന്നും തന്റെ പുസ്തകമായ ‘കേരളം-മുസ്‍ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‍ലാം’ അവർക്ക് കൈമാറിയെന്നും ജയരാജൻ പറഞ്ഞിരുന്നു.

മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളിൽ ഒമ്പതുപേർക്കാണ് ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ സ്വീകരണം നൽകിയത്. വിയ്യൂർ ജയിലിലായിരുന്ന ഇവരെ അപേക്ഷ പരിഗണിച്ച് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ‘‘ധീരസഖാവേ ലാൽസലാം, പിന്നോട്ടില്ല പിന്നോട്ടില്ല, മുന്നോട്ടിനിയും മുന്നോട്ട്, ധീരസഖാവേ മുന്നോട്ട്, ആയിരമായിരം അഭിവാദ്യങ്ങൾ, നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ, ഇൻക്വിലാബ് സിന്ദാബാദ്, ലാൽസലാം ലാൽസലാം, ജയിലറ കണ്ട് വിറക്കട്ടെ, ഇൻക്വിലാബ് മുഴങ്ങട്ടെ, ഇനിയുമുറക്കെ മുഴങ്ങട്ടെ...’ എന്നിങ്ങനെ മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകളടക്കമുള്ള പാർട്ടി പ്രവർത്തകർ ജയിലിന് മുന്നിൽ കുറ്റവാളികളെ സ്വീകരിച്ചത്.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ത് ലാൽ (24) എന്നിവരെ സി.പി.എം പ്രവർത്തകരടക്കമുള്ള പ്രതികൾ കൊലപ്പെടുത്തിയത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ ഡിസംബർ 28ന് കോടതി വെറുതെ വിട്ടിരുന്നു.

10 പ്രതികളെ ഇരട്ട ജീവപര്യന്തത്തിനും മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള നാലു പ്രതികളെ അഞ്ചു വര്‍ഷത്തെ തടവിനുമാണ് കൊച്ചി സി.ബി.ഐ പ്രത്യേക കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചത്. എ. പീതാംബരന്‍, സജി. സി. ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍കുമാര്‍, ഗിജിന്‍ കല്യോട്ട്, ആര്‍. ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ് വെളുത്തോളി, ടി. രഞ്ജിത്ത്, എ. സുരേന്ദ്രൻ എന്നിവരാണ് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - periya twin murder case: mv jayarajan about p jayarajan's central jail visit
Next Story