പെരിയ ഇരട്ടക്കൊല: കേസ് ഡയറി ഹാജരാക്കിയില്ല; എട്ടാം പ്രതിയുടെ ജാമ്യഹരജി വീണ്ടും മാറ്റി
text_fieldsകാസര്‍കോട്: കേസ് ഡയറി ഹാജരാക്കാതിരുന്നതിനെ തുടര്‍ന്ന് കല്ല്യോട്ട് ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതിയുടെ ജാമ്യ ഹരജി ജില്ലാ കോടതി വീണ്ടും മാറ്റിവെച്ചു. പനയാല്‍ വെളുത്തോളിയിലെ സുബീഷ് എന്ന മണി (29)യുടെ ജാമ്യാപേക്ഷയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാറ്റിവെച്ചത്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ആളൂര്‍ മുഖാന്തിരമാണ് സുബീഷ് ജില്ലാ കോടതിയില്‍ ജാമ്യ ഹരജി നല്‍കിയത്.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സെപ്തംബര്‍ 25 ന് കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.എം പ്രദീപിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയുടെ അടിസ്ഥാനത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈകോടതിയും അന്വേഷണ ഉദ്യോഗസ്ഥനോട് നിര്‍ദ്ദേശിച്ചിരുന്നു.
കേസ് ഡയറി ഹൈക്കോടതിയില്‍ കൊണ്ടു പോയതിനാല്‍ 25ന് ജാമ്യ ഹരജി ജില്ലാ കോടതി പരിഗണിച്ചില്ല. സെപ്തംബര്‍ 30ന് കേസ് ഡയറി ഹാജരാക്കാനായിരുന്നു ജില്ലാ കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ കേസ് ഡയറി ഹൈകോടതിയിലായതിനാല്‍ ഇന്നലെയും ഹാജരാക്കാനായില്ല. ഇതേ തുടര്‍ന്ന് ജാമ്യ ഹരജി പരിഗണിക്കുന്നത് കോടതി ഒക്‌ടോബര്‍ നാലിലേക്ക് മാറ്റിവെച്ചു.
