‘കടുത്ത ശിക്ഷ നൽകണം’; വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ. കൊച്ചി സി.ബി.ഐ കോടതിയാണ് കേസിലെ 14 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ശരത് ലാലിന്‍റെ അമ്മ ലത ആവശ്യപ്പെട്ടു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയതെന്നും അവർ പ്രതികരിച്ചു. കേസ് അട്ടിമറിക്കാൻ സർക്കാർ കളിച്ചെന്ന് കൃപേഷിന്‍റെ മാതാവ് ബാലാമണി പറഞ്ഞു. മുഴുവൻ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് ശരത് ലാലിന്‍റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ടു പ്രതികളിൽ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ ആറു പേർ സി.പി.എമ്മിന്‍റെ പ്രധാന പ്രവർത്തകരാണ്. സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ അപ്പീലുമായി സുപ്രീംകോടതി വരെ പോയി നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ വിധി വന്നത്. 2019 ഫെബ്രുവരി 17ന് രാത്രി 7.36ഓടെയാണ് കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായാണ് കൊലയാളിസംഘം നടുറോഡിലിട്ട് വെട്ടിനുറുക്കിയത്. കല്യോട്ട് കൂരാങ്കര റോഡില്‍ ബൈക്കിലെത്തിയ കൃപേഷിനെയും ശരത്ത് ലാലിനെയും അക്രമിസംഘം തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
മാരകമായി വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണത്തിന് കീഴടങ്ങി. കല്യോട്ട് നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സി.പി.എം ആണെന്നും സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ്, യു.ഡി.എഫ്. നേതാക്കള്‍ ആരോപിച്ചു.
കേസിലെ 24 പ്രതികളിൽ 14 പേർ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. ഒന്നു മുതൽ എട്ടുവരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠൻ ഉൾപ്പടെ 24 പ്രതികളാണുള്ളത്. എല്ലാവരും പാർട്ടിക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

