പെരിന്തല്‍മണ്ണയില്‍ രാത്രിയിലും അക്രമം; കണ്ണീർവാതകം പ്രയോഗിച്ചു
text_fieldsപെരിന്തല്‍മണ്ണ: യു.ഡി.എഫ് ഹര്‍ത്താൽ അവസാനിച്ച ശേഷം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതോടെ പെരിന്തല്‍മണ്ണയിൽ രാത്രിയിലും ഭീതിയുടെ നിമിഷങ്ങൾ. വൈകീട്ട് അഞ്ചരയോടെ പ്രകടനം കോഴിക്കോട് റോഡിലേക്ക് പ്രവേശിച്ച് തകര്‍ക്കപ്പെട്ട ലീഗ് ഓഫിസിന് മുന്നില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചതിനിടെയായിരുന്നു അക്രമം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് മൂന്നുതവണ കണ്ണീര്‍വാതകം പ്രയോഗിച്ചു.
പ്രവർത്തകർ പൊലീസിന് നേരെ നടത്തിയ കല്ലേറിൽ മഞ്ഞളാംകുഴി അലി എം.എൽ.എ, യു.എ. ലത്തീഫ്, പി.ടി. അജയ്മോഹൻ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂനിയര്‍ എസ്.ഐ രാജേഷടക്കം മൂന്ന് പൊലീസുകാര്‍ക്കും നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. നാലകത്ത് സൂപ്പിക്ക് കണ്ണീർവാതക പ്രയോഗത്തിൽ അസ്വസ്ഥതയനുഭവപ്പെട്ടു. എൽ.ഡി.എഫ് ഭരിക്കുന്ന പെരിന്തല്‍മണ്ണ നഗരസഭ ഒാഫിസിന് നേര്‍ക്ക് ഇൗ സമയം ആക്രമണമുണ്ടായി. ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന പ്രവര്‍ത്തകർ ചെയര്മാേൻറതടക്കം അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു. ഓഫിസ് ബോര്‍ഡും ജനല്‍ ചില്ലുകളും തകര്‍ന്നു.
ഗേറ്റിനോട് ചേര്‍ന്ന കുടുംബശ്രീ കെട്ടിടത്തിെൻറ ചില്ലുകളും ബസ് കാത്തിരിപ്പ് കേന്ദ്രവും നശിപ്പിച്ചു. പ്ലാസ്റ്റിക് ഷീറ്റുകള്‍ റോഡിലിട്ട് കത്തിച്ചു. ലീഗ് ഓഫിസിന് മുന്നിൽ പ്രതിഷേധയോഗം തുടരുമ്പോഴും നഗരസഭ ഒാഫിസിന് നേരെ അക്രമം തുടര്‍ന്നു. ഇൗ സമയത്ത് പ്രധാന ജങ്ഷനിലും പട്ടാമ്പി റോഡിലുമായിരുന്നു പൊലീസ്. പ്രതിഷേധയോഗത്തില്‍ പങ്കെടുക്കാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍ക്ക് സ്ഥലത്തേക്ക് എത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
