പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് ഹരജി 31ലേക്ക് മാറ്റി
text_fieldsകൊച്ചി: പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്യുന്ന ഹരജി ഹൈകോടതി മേയ് 31ന് പരിഗണിക്കാൻ മാറ്റി. തെളിവെടുപ്പിന് കോടതി നിയോഗിച്ച അഭിഭാഷക കമീഷൻ സാക്ഷികളിൽനിന്ന് മൊഴിയെടുക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഹരജി മാറ്റിയത് .
കേസിലെ മൂന്നാം സാക്ഷിയുടെ തെളിവെടുപ്പ് നടക്കുന്നതായി കക്ഷികൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.മണ്ഡലത്തിൽനിന്ന് മുസ്ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് തൊട്ടടുത്ത എതിർസ്ഥാനാർഥി സി.പി.എം സ്വതന്ത്രൻ കെ.പി. മുഹമ്മദ് മുസ്തഫ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300ഓളം തനിക്ക് ലഭിക്കേണ്ടതാണെന്നുമാണ് ഹരജിക്കാരന്റെ വാദം. 38 വോട്ടുകൾക്കാണ് നജീബ് വിജയിച്ചത്.