പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് ഹരജി: ജസ്റ്റിസ് എ. ബദറുദ്ദീൻ പിന്മാറി
text_fieldsകൊച്ചി: പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹരജി പരിഗണിക്കുന്നതിൽനിന്ന് ഹൈകോടതി ബെഞ്ച് പിന്മാറി. തിങ്കളാഴ്ച ഹരജി പരിഗണനക്കെത്തിയപ്പോൾ ജസ്റ്റിസ് എ. ബദറുദ്ദീൻ കാരണം വ്യക്തമാക്കാതെ പിന്മാറുകയായിരുന്നു. ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് തൊട്ടടുത്ത എതിർ സ്ഥാനാർഥി സി.പി.എം സ്വതന്ത്രൻ കെ.പി. മുഹമ്മദ് മുസ്‌തഫ നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
340 പോസ്റ്റൽ വോട്ട് സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300ഓളം വോട്ട് തനിക്കു ലഭിക്കേണ്ടതാണെന്നുമാണ് ഹരജിക്കാരന്റെ വാദം. 38 വോട്ടിനാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയതായി കണ്ടെത്തിയിരുന്നു. പിന്നീട് മലപ്പുറം സഹകരണ സംഘം ജോയന്റ് രജിസ്ട്രാറുടെ ഓഫിസിൽനിന്ന് കണ്ടെത്തി.