ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമെന്ന ധാരണ മാറ്റണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ എന്തോ ദയ അർഹിക്കുന്നവരാണെന്ന തരത്തിൽ ഉദ്യോഗസ്ഥർ കാര്യങ്ങൾ കാണാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മൾ ഭരിക്കാനിരിക്കുന്നവരും അവർ ഭരിക്കപ്പെടുന്നവരുമെന്ന ധാരണയുണ്ടാകാൻ പാടില്ല. ജനങ്ങളുടെ അവകാശങ്ങളിൽ കൃത്യസമയത്ത് തീരുമാനമുണ്ടാകേണ്ടതുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയുള്ള മേഖല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ കാര്യം മുറപോലെ എന്നതിലും ചുവപ്പുനാടയുടെ പ്രശ്നത്തിലും മാറ്റം വരുത്താനായി. ഒട്ടേറെ സേവനങ്ങൾ ഓൺലൈനിലൂടെ നൽകാൻ കഴിയുന്നുണ്ട്. ഓഫിസുകളിൽ വന്ന് അപേക്ഷയുടെയോ പരാതിയുടെയോ പിന്നാലെ സഞ്ചരിക്കാതെ ജനങ്ങൾക്ക് കാര്യങ്ങൾ നിർവഹിക്കാവുന്ന അവസ്ഥയുണ്ട്. ഇത് പൂർണതലത്തിലെത്തിക്കുക പ്രധാനമാണ്. അപ്പോഴാണ് ഭരണത്തിന്‍റെ ശരിയായ സ്വാദ് ജനങ്ങൾ അനുഭവിക്കുക. ഇനിയും മാറേണ്ട ഉദ്യോഗസ്ഥരുണ്ടാകാം. ആ മാറ്റവും കൊണ്ടുവരാൻ കഴിയണം. പദ്ധതികളായാലും ഭരണ നിർവഹണ രംഗമായാലും ഏറക്കുറെ തൃപ്തികരായ രീതിയിൽ മുന്നോട്ടുപോകുന്നു. ചില കാര്യങ്ങൾ കേരളത്തിൽ നടക്കില്ലെന്ന ധാരണ നേരത്തേയുണ്ടായിരുന്നു. അത് തിരുത്താൻ കഴിഞ്ഞിട്ടുണ്ട്. പോസിറ്റിവായ ഇടപെടൽ എല്ലാ ഭാഗത്തുനിന്നുമുണ്ടായതിന്‍റെ ഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, കെ.രാജൻ, ജി.ആർ. അനിൽ, വീണാ ജോർജ്, പി. രാജീവ്, പി. പ്രസാദ്, വി.എൻ. വാസവൻ, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, കെ. കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ. ജയതിലക്, തിരുവനന്തപുരം കലക്ടർ അനുകുമാരി, കൊല്ലം കലക്ടർ ദേവിദാസ്. എൻ, പത്തനംതിട്ട കലക്ടർ പ്രേംകൃഷ്ണൻ. എസ്, എ.ഡി.എം ബീന പി. ആനന്ദ്, സബ് കലക്ടർ ആൽഫ്രഡ് ഒ.വി., വകുപ്പ് സെക്രട്ടറിമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

