പേരാവൂർ ചിട്ടി തട്ടിപ്പ്: സി.പി.എം ലോക്കൽ സെക്രട്ടറിയെ മാറ്റി
text_fieldsപേരാവൂർ: സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സൊസൈറ്റി മുൻ പ്രസിഡൻറിനെ സി.പി.എം പാർട്ടി ഭാരവാഹിത്വത്തിൽനിന്ന് മാറ്റി. കെ. പ്രിയനെയാണ് നിടുംപൊയിൽ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. പുതിയ സെക്രട്ടറിയായി പി. പ്രഹ്ലാദനെ ഇന്നലെ ചേർന്ന ലോക്കൽ സമ്മേളനം തെരഞ്ഞെടുത്തു.
ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് അസി.രജിസ്ട്രാർ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത കെ.പ്രിയെൻറ വീട്ടിലേക്ക് നിക്ഷേപകരുടെ കർമസമിതി പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചെങ്കിലും പാർട്ടി ജില്ല നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു. തുടർന്ന് നടന്ന ലോക്കൽ സമ്മേളനത്തിലാണ് സ്ഥാനമാറ്റവും ഉണ്ടായത്.
അതേസമയം, പേരാവൂർ സഹകരണ ആശുപത്രി വിൽപന വിവാദത്തിൽ മുമ്പ് പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായ കെ.പി. സുരേഷ്കുമാറിനെ നിടുംപൊയിൽ ലോക്കൽ കമ്മിറ്റിയിലേക്കും പേരാവൂർ ഏരിയ സമ്മേളന പ്രതിനിധിയായും തെരഞ്ഞെടുത്തു. 2018ൽ വിവാദവുമായി ബന്ധപ്പെട്ട്, പേരാവൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന കെ.പി. സുരേഷ്കുമാറിനെ ഞാലിൽ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. അന്ന് കോളയാട് പഞ്ചായത്ത് പ്രസിഡൻറായിരുന്ന സുരേഷ് കുമാറിന് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും നഷ്ടപ്പെട്ടിരുന്നു.

