പേരാമ്പ്ര പൊലീസ് ലാത്തിച്ചാർജ്: സംഘർഷത്തിൽ കലാശിച്ച് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രകടനങ്ങൾ
text_fieldsഷാഫി പറമ്പിൽ എം.പിക്കെതിരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ കോഴിക്കോട് നടക്കാവ് ഐ.ജി ഓഫിസിലേക്ക് നടത്തിയ മാർച്ച്
പേരാമ്പ്ര (കോഴിക്കോട്): എൽ.ഡി.എഫും യു.ഡി.എഫും നടത്തിയ പ്രതിഷേധ പ്രകടനങ്ങളാണ് വെള്ളിയാഴ്ച വൈകീട്ട് പേരാമ്പ്രയിൽ പൊലീസ് ലാത്തിച്ചാർജിലേക്ക് നയിച്ചത്. സി.കെ.ജി.എം ഗവ. കോളജിൽ അഞ്ച് സീറ്റിൽ വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനം നടത്തിയ യു.ഡി.എസ്.എഫ് പ്രവർത്തകരെ പൊലീസും എസ്.എഫ്.ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. വെള്ളിയാഴ്ച യു.ഡി.എഫ് നടത്തിയ ഹർത്താലിൽ പേരാമ്പ്ര പഞ്ചായത്ത് ഓഫിസ് അടപ്പിക്കാൻ ശ്രമിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ വി.കെ. പ്രമോദിനെ മർദിച്ചെന്ന് ആരോപിച്ച് എൽ.ഡി.എഫ് വൈകീട്ട് ടൗണിൽ പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തിരുന്നു. യു.ഡി.എഫ് നേരത്തെ പ്രഖ്യാപിച്ച പ്രതിഷേധ പ്രകടനവും വൈകീട്ടായിരുന്നു.
എൽ.ഡി.എഫ് പ്രകടനത്തിന് വൈകീട്ട് അഞ്ചു മണിയും യു.ഡി.എഫ് പ്രകടനത്തിന് ആറ് മണിയുമായിരുന്നു പൊലീസ് നൽകിയ സമയം. മാർക്കറ്റ് പരിസരത്തുനിന്ന് എൽ.ഡി.എഫ് പ്രകടനം 5.45നാണ് തുടങ്ങിയത്. ഇത് പേരാമ്പ്ര ബസ്‍സ്റ്റാൻഡിൽ സമാപിക്കുകയും ചെയ്തു. കമ്യൂണിറ്റി ഹാൾ പരിസരത്തുനിന്ന് തുടങ്ങിയ യു.ഡി.എഫ് പ്രതിഷേധ പ്രകടനം ചേനോളി റോഡിനു സമീപം പൊലീസ് തടഞ്ഞു. ബസ്‍സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് പ്രവർത്തകർ തമ്പടിച്ചതുകൊണ്ട് സംഘർഷമുണ്ടാവുമെന്ന് പറഞ്ഞാണ് പൊലീസ് പ്രകടനം തടഞ്ഞത്. എന്നാൽ, പ്രകടനം കഴിഞ്ഞിട്ടും സ്റ്റാൻഡിൽ നിൽക്കുന്ന എൽ.ഡി.എഫ് പ്രവർത്തകരെ പറഞ്ഞയക്കാതെ സമാധാനപരമായി പ്രകടനം നടത്തിയ തങ്ങളെ എന്തിന് തടഞ്ഞുവെന്നാണ് യു.ഡി.എഫ് ഉയർത്തുന്ന ചോദ്യം.
സ്റ്റാൻഡിൽ സമാപിക്കുന്ന യു.ഡി.എഫ് പ്രകടനത്തിൽ സംസാരിക്കാൻ ഷാഫി പറമ്പിൽ എം.പിയും ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാറും വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനാൽ സമാപന സമ്മേളനം നടത്താതെ പിരിഞ്ഞുപോകില്ലെന്ന് യു.ഡി.എഫ് പ്രവർത്തകർ വാശിപിടിച്ചു. ഷാഫിയും പ്രവീൺ കുമാറും എത്തിയതോടെ യു.ഡി.എഫ് ക്യാമ്പിൽ ആവേശം വർധിച്ചു. ഇവർ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും അണികൾ തയാറായില്ല. തുർന്നാണ് വടകര ഡിവൈ.എസ്.പി ഹരിപ്രസാദിന്റെ കൈയിൽ നിന്ന് കണ്ണീർവാതക ഷെൽ പൊട്ടുന്നത്. ഇതോടെ മൊത്തം പുക ഉയർന്നു. പിന്നീട് പൊലീസ് തുടർച്ചയായി കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു.
മർദനമേറ്റിട്ടും ഷാഫി പിൻമാറിയില്ല. ഇവരുടെ നേതൃത്വത്തിൽ ബസ്‍സ്റ്റാൻഡു വരെ പ്രകടനം നയിച്ച ശേഷമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. കണ്ണീർ വാതക ഷെല്ലേറ്റ് കണ്ണിന് ഗുരുതര പരിക്കേറ്റ നിയാസ് എന്ന യു.ഡി.എഫ് പ്രവർത്തകനും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായി. ഷാഫി പറമ്പിൽ എം.പിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എം.പി, ദീപാദാസ് മുന്‍ഷി, എം.പിമാരായ എം.കെ. രാഘവന്‍, രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, നജീബ് കാന്തപുരം, എ.പി. അനില്‍കുമാര്‍, നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. ഫിറോസ്, എന്‍. വേണു, ബഷീറലി തങ്ങള്‍ തുടങ്ങിയവര്‍ ആശുപത്രിയിൽ സന്ദര്‍ശിച്ചു.
മുഖ്യമന്ത്രിക്കെതിരെ കൊച്ചിയിൽ പ്രതിഷേധം; കരിങ്കൊടി
മട്ടാഞ്ചേരി: വിവധ പരിപാടികളിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ നഗരത്തിന്‍റെ പല ഭാഗങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിൽ കരിങ്കൊടി, കരി ഓയിൽ പ്രതിഷേധം. ഷാഫി പറമ്പിൽ എം.പിക്ക് നേരെ കോഴിക്കോട് പേരാമ്പ്രയിലുണ്ടായ പൊലീസ് അതിക്രമത്തിനെതിരായിട്ടായിരുന്നു പ്രതിഷേധം.
കൊച്ചി വാട്ടർ മെട്രോ ടെർമിനൽ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലും കോൺഗ്രസ് പ്രവർത്തകർ സ്വന്തം വസ്ത്രങ്ങളിൽ കരി ഓയിൽ ഒഴിച്ച് റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഷമീർ വളവത്ത്, ടി.എം. റിഫാസ്, ബഷീർ, സനൽ ഈസ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.
ഫോർട്ടുകൊച്ചിയിൽ മുഖ്യമന്ത്രിയുടെ കാർ റോ-റോയിൽ നിന്ന് റോഡിലേക്ക് ഇറക്കിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി ചാടി വീണത്. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ബ്ലോക്ക് പ്രസിഡൻറ് പി.പി.ജേക്കബ്, ഫ്രാൻസിസ്, പി.എച്ച് അനീഷ് തുടങ്ങിയവർ ഇവിടെ അറസ്റ്റിലായി.
മട്ടാഞ്ചേരിയിലെ പരിപാടിക്ക് ശേഷം എറണാകുളം ഗെസ്റ്റ് ഹൗസിലേക്ക് വന്ന മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയും യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. ഗെസ്റ്റ് ഹൗസിൽ എത്തുന്നതിന് 100 മീറ്റർ മുമ്പ് സെന്‍റ് തെരെസാസ് കോളജിന് മുൻ വശത്ത് വെച്ചാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് കരിങ്കൊടി കാണിച്ചത്. ഇവരെയും അറസ്റ്റ് ചെയ്ത് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

