Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം...

മലപ്പുറം എസ്.പിക്കെതിരെ ‘ജനകീയ കുറ്റവിചാരണ’ ശക്തമാകുന്നു

text_fields
bookmark_border
thamir jiffri sp sujith das
cancel
camera_alt

കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി, മലപ്പുറം എസ്.പി സുജിത് ദാസ് 

മലപ്പുറം: താനൂർ കസ്റ്റഡിക്കൊലയുടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെ മലപ്പുറം ജില്ല പൊലീസ് മേധാവിക്കെതിരായ ജനകീയ വിചാരണകൾക്ക് കടുപ്പമേറുന്നു. നേരത്തെ പല കടുത്ത വിമർശനങ്ങളുയരുമ്പോഴും എസ്.പിയോട് മൃദുസമീപനം സീകരിച്ച മലപ്പുറത്തെ ഉന്നത പ്രതിപക്ഷ രാഷ്​ട്രീയനേതാക്കൾ വരെ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ നടപടികളെ കടുത്ത രീതിയിൽ വിമർശിച്ചുതുടങ്ങി. സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധ മാർച്ചുകളിലും എസ്.പി സുജിത്ദാസ് തൽസ്ഥാനത്ത് തുടരുന്നത് ചോദ്യം ചെയ്യപ്പെടുകയാണ്.

താനൂർ കസ്റ്റഡിക്കൊലക്ക് മുമ്പ് മലപ്പുറത്തെ ക്രിമിനൽ കേസുകളുടെ കേന്ദ്രമാക്കി മാറ്റാൻ എസ്.പി ബോധപൂർവം നടപടികൾ സ്വീകരിക്കുന്നു എന്ന വിമർശനമുയർന്നിരുന്നു. എസ്.പി ചാ​ർജെടുത്ത ശേഷം കേസുകളുടെ എണ്ണത്തിൽ വന്ന വലിയ തോതിലുള്ള വർധനവാണ് ഇതിന് ആധാരമായ വാദം. എന്നാൽ ഇത് കൂടുതൽ ജനസാന്ദ്രതയുള്ള വലിയ ജില്ലയായതിനാലാണെന്നും നിയമപാലനത്തിൽ വിട്ടുവീഴ്ചയില്ലാത്തയാളായതിനാലാണ് ഇങ്ങനെ ഉണ്ടാവുന്നതെന്നുമായിരുന്നു പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ വിശദീകരണം. എന്നാൽ ഒരേ സംഭവത്തിൽ ഒന്നിലധികം എഫ്.​ഐ.ആറുകൾ രജിസ്റ്റർ ചെയ്യുന്നു, സ്വാഭാവികമായ പ്രതിഷേധ പരിപാടികൾക്ക് പോലും കടുത്ത വകുപ്പിൽ കേസെടുക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് എസ്.പിക്കെതിരെ ഉയർന്നത്.

ഇതിനിടെ താനൂരിൽ താമിർ ജിഫ്രി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതോടെ എസ്.പി കൂടുതൽ പ്രതിരോധത്തിലായി. എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘം പിടികൂടിയ എം.ഡി.എം.എ കേസിലെ പ്രതി താമിർ ജിഫ്രിയുടേത് ക്രൂരമായ കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേസ് താഴെതലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കാൻ ഉന്നത ഉദ്യോഗസ്ഥതലത്തിൽ ഗൂഢാലോചന നടന്നതായി പൊലീസിന്‍റെ തന്നെ വെളിപ്പെടുത്തൽ വന്നുകഴിഞ്ഞു. താമിർ ജിഫ്രി ഉൾപ്പടെ പ്രതികളെ ചേളാരിയിൽ നിന്നാണ് പിടികൂടിയത് എന്ന് സി.സി.ടി.വി ക്യാമറകളിൽ നിന്ന് സ്ഥിരീകരിക്കാനായി. എന്നാൽ പ്രതികളെ താനൂരിലെ ദേവധാർ പാലത്തിനടുത്തു നിന്ന് പിടികൂടി എന്നാണ് എഫ്.ഐ.ആറിലുള്ളത്. പല കേസുകളിലും പൊലീസ് ഇങ്ങനെ എഫ്.ഐ.ആർ തയാറാക്കൽ പതിവാണെങ്കിലും ഇവിടെ എഫ്.ഐ.ആർ ഇടുമ്പോഴേക്കും പ്രതി മരിച്ചിരുന്നു എന്നാണ് പിന്നീട് പുറത്തുവന്ന വസ്തുതകൾ വ്യക്തമാക്കിയത്. മരിച്ചയാളെ അറസ്റ്റ് ചെയ്ത് എഫ്.ഐ.ആർ തയാറാക്കി എന്നതാണ് ഈ കേസിലെ പരിഹാസ്യത.

എം.ഡി.എം.എ കേസുകൾ നാട്ടിൽ വ്യാപകമാണെന്നിരിക്കെ പൊലീസ് സ്റ്റേഷന് പുറത്തെ ക്യാമ്പിൽ ഇത്ര ക്രൂരമായി പ്രതിയെ മർദിച്ചത് എന്തിനാണ് എന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. പ്രതിയുടെ വയറ്റിൽ എം.ഡി.എം.എയുടെ പൊതിയെത്തിച്ചതുപോലും പ്രകൃതിവിരുദ്ധമായ രീതിയിലാണ് എന്നാണ് ആരോപണമുയർന്നിരിക്കുന്നത്. താമിർ ജിഫ്രിയുടെ ശരീരത്തിൽ പൊലീസ് മർദനത്തിന്‍റേതെന്ന് സൂചനയുള്ള 21 പാടുകളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

​പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജനെ പൊലീസ് സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് അദ്ദേഹത്തിന് തന്നെ തുറന്നു പറയേണ്ടി വന്നു. കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടുവെങ്കിലും തുടർനടപടികൾ വൈകുകയാണ്. ക്രൈംബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കേസ് അട്ടിമറിക്കപ്പെടുമെന്ന ആരോപണത്തിന് ബലമേകുന്നതാണ് ഈ വൈകൽ. എല്ലാം അട്ടിമറിക്കപ്പെട്ട ശേഷം കേസ് സി.ബി.ഐ അന്വേഷിക്കാനെത്തിയിട്ട് എന്ത് കാര്യം എന്നാണ് സാധാരണക്കാരുടെ ചോദ്യം.

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ എതിർകക്ഷി ഐ.എ.എസുകാരനായപ്പോൾ കേസ് അട്ടിമറിക്കപ്പെട്ട സംസ്ഥാനത്ത് മയക്കുമരുന്ന് കേസിലെ പ്രതി കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ എതിർപക്ഷത്ത് ഐ.പി.എസ് തലത്തിലുള്ളവരാകുമ്പോൾ എങ്ങനെ കേസ് മുന്നോട്ടുപോകുമെന്നും ഇവർ ചോദിക്കുന്നു.

ഭരണപക്ഷത്തും വിമർശനം

സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്കാർക്കും എസ്.പിക്കെതിരെ പരാതിയുണ്ടെങ്കിലും മേലെ തലത്തിൽ അത് പരിഗണിക്കപ്പെടുന്നില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പ്ര​​ത്യേക പരിഗണന എസ്.പിക്ക് ലഭിക്കുന്നു എന്നാണ് വിമർശനം. അതിനാലാണ് കീഴ്വഴക്കം നോക്കാതെ എസ്.പിക്ക് ഇതേ കസേരയിൽ ദീർഘകാലം തുടരാൻ കഴിയുന്നത് എന്ന് പരസ്യപ്രസ്താവനകൾ വന്നിട്ടുണ്ട്. താമിർ ജിഫ്രിയുടെ ക്രൂരമായ കൊലപാതകം സ്ഥിരീകരിക്കപ്പെട്ടിട്ടും എസ്.പിയെ മാറ്റാത്തത് ഈ ആരോപണം ശരിവെക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലുൾപ്പെടെ എസ്.പിയുടെ നടപടികൾ ചർച്ചചെയ്യപ്പെടുമെന്നും ഇത് സർക്കാർവിരുദ്ധ വോട്ടുകൾക്ക് വരെ കാരണമാകുമെന്നും ഇടതുപക്ഷത്ത് വിലയിരുത്തലുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച് രേഖാമൂലം പരാതി നൽകുമെന്നാണ് സൂചന.

അതിനിടെ സാമൂഹികമാധ്യമത്തിൽ എസ്.പിക്കെതിരെ ​പോസ്റ്റിട്ടതിന് യുവാവിനെതിരെ ഐ.പി.സി 469,153 വകുപ്പുകളും ഐ.ടി. ആക്ടിലെ 66- സി വകുപ്പു പ്രകാരവും കേസെടുത്തിരിക്കയാണ്. ഇൻസ്റ്റഗ്രാം പോസ്റ്റിനെതിരെയാണ് കേസ്. കലാപാഹ്വാനം, എസ്.പിയെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയവയാണ് എഫ്.ഐ.ആറിലെ വിശദീകരണം.

വിമാനയാത്രികർക്കും പരാതി

മലപ്പുറം പൊലീസിനെതിരെ വിമാനയാത്രക്കാരും പരാതി ഉന്നയിക്കുന്നുണ്ട്. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകുന്ന വിമാനയാത്രക്കാരുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിച്ച് പ്രയാസപ്പെടുത്തുന്നു എന്നതാണ് പുതിയ പരാതി. വിമാനയാത്രക്കുള്ളവരാണെന്നറിഞ്ഞാൽ വേഗം വിട്ടയക്കലായിരുന്നു പതിവ്. വിമാനത്താവളത്തിൽ കുറ്റമറ്റ പരിശോധനകൾ ഉള്ളപ്പോൾ എന്തിനാണ് പൊലീസ് തടഞ്ഞുവെച്ച് പരിശോധിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്.

വിമാനത്താവളത്തിന് പരിസരത്തെ കടകൾ 11 മണി കഴിഞ്ഞാൽ അടക്കണമെന്ന കർശന നിയമം കൊണ്ടുവന്നിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ ഏറ്റവും കൂടുതൽ വിമാനങ്ങൾ ഇറങ്ങുന്നത് രാ​ത്രിയാണെന്നിരിക്കെ ഈ പരിഷ്കാരം ജനവിരുദ്ധമായി. വലിയ വിവാദവും പരാതിയുമായി.

അതേ സമയം ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരെ സ്വകാര്യബസുകാരുടെ ഭാഗത്ത് നിന്ന് നടുറോഡിൽ അതിക്രമങ്ങൾ പതിവാണെങ്കിലും മലപ്പുറത്തെ പൊലീസ് ഇത് കാണുന്നില്ലെന്ന വിമർശനമുണ്ട്. കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽ കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറെ സ്വകാര്യ ബസ്​ലോബി ഗുണ്ടാസ്റ്റൈലിൽ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ ഒരു പൊലീസുകാരനും ഉണ്ടായിരുന്നില്ല. രാ​ത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram SPTanur custody death
News Summary - Peoples prosecution' against Malappuram SP
Next Story