ഡൗൺ ഡൗൺ ഫാഷിസം -VIDEO
text_fieldsകൊച്ചി: പൗരത്വ ഭേദഗതി നിയമം തുലയട്ടെ, സി.എ.എ മൂർദാബാദ്, ഡൗൺ ഡൗൺ ഫാഷിസം, ഹിന്ദുത്വ ഫാഷിസം അറബിക്കടലിൽ തുടങ്ങിയ മുദ്രാവാക്യങ്ങളാൽ പ്രകമ്പനം കൊള്ളുകയായിരുന്നു കൊച്ചി നഗരം തിങ്കളാഴ്ച. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച പീപ്ൾസ് ലോങ് മാർച്ചിലാണ് ആയിരങ്ങളുടെ പ്രതിഷേധം ഉയർന്നത്.
കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽനിന്ന് തുടങ്ങി നോർത്ത്, കച്ചേരിപ്പടി, എം.ജി റോഡ് എന്നിവിടങ്ങളിലൂടെ മുന്നേറിയ പ്രകടനം കിലോമീറ്ററുകൾ പിന്നിട്ട് കൊച്ചിൻ ഷിപ്യാർഡിൽ സമാപിച്ചു. പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയോ മതസംഘടനയുടെയോ കീഴിലല്ലാതെ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിലൂടെ മാത്രം സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുക്കാൻ എല്ലാ ജില്ലകളിൽനിന്നുമുള്ള നിരവധി പേർ കൊച്ചിയിലെത്തിയിരുന്നു.
ആവേശകരമായ മുദ്രാവാക്യങ്ങൾക്കൊപ്പം ആസാദി, ഇങ്ക്വിലാബ്, ഇൻതിഫാദ, ജയ്ഭീം, ഇസ്്ലാമോഫോബിയ വിരുദ്ധ വിളികളും പ്രകടനത്തെ ഉച്ഛസ്ഥായിയിലെത്തിച്ചു. കൊച്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ മാർച്ചിൽ അണിനിരന്നു. ഷിപ് യാർഡിന് മുന്നിൽ ഭരണഘടനയുടെ ആമുഖം വായിച്ചാണ് മാർച്ച് സമാപിച്ചത്.
ഉച്ചക്ക് രണ്ടിന് കലൂരിൽ തുടങ്ങിയ പ്രകടനത്തിൽ വി.ടി ബൽറാം എം.എൽ.എ, എഴുത്തുകാരി കെ.ആർ. മീര, സിനിമ താരങ്ങളായ റിമ കല്ലിങ്കൽ, ബിനീഷ് ബാസ്റ്റിൻ, ലാലി പി.എം, രാജേഷ് ശർമ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഹസ്ന ഷാഹിദ, കെ.കെ ഷാഹിന, ജോളി ചിറയത്ത്, മായ കൃഷ്ണൻ, രേഖരാജ്, കനകദുർഗ, തുടങ്ങിയവർ നേതൃത്വം നൽകി.
വസ്ത്രം നോക്കി പ്രതിഷേധക്കാരെ തിരിച്ചറിയാമെന്ന് പറഞ്ഞ നരേന്ദ്ര മോദിക്കുള്ള മറുപടിയാണ് ഝാർഘണ്ഡ് െതരഞ്ഞെടുപ്പ് ഫലമെന്ന് പ്രകടനത്തിനിടെ വി.ടി ബൽറാം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിയമം മുസ്ലിംകൾക്കെതിരെ മാത്രമാണന്ന് പറയുന്നത് തെറ്റാണന്ന് രേഖാരാജും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
