പാരാപ്ലീജിയബാധിതരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി പീപ്പിൾസ് ഫൗണ്ടേഷൻ
text_fieldsകോഴിക്കോട്: പാരാപ്ലീജിയ ബാധിതരായ വ്യക്തികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും വീടുകൾ കൂടുതൽ സുരക്ഷിതമാക്കാനും പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന ‘ഉയരെ’ ഭവന നവീകരണ സഹായ പദ്ധതിയുടെ ഭാഗമായി 26 കുടുംബങ്ങൾക്ക് 9.75 ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കും.
പീപ്പിള്‍സ് ഫൗണ്ടേഷന് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ബൈത്തുസ്സകാത്ത് കേരളയുടെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പാരാപ്ലീജിയബാധിതർക്ക് സ്വന്തം വീടുകളിൽ മറ്റുള്ളവരെ ആശ്രയിക്കാതെ പരമാവധി സുരക്ഷിതമായും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വീൽചെയർ ഉപയോഗിക്കുന്നവർക്ക് വീടിനകത്തും പുറത്തും സുഗമമായി സഞ്ചരിക്കാനുള്ള റാമ്പുകൾ, പ്രവേശന കവാടങ്ങളുടെയും വാതിലുകളുടെയും നവീകരണം, ഭിന്നശേഷി സൗഹൃദ ശുചിമുറികൾ, കൈപ്പിടികൾ, മറ്റു അത്യാവശ്യ സൗകര്യങ്ങൾ എന്നിവ ഒരുക്കാനാണ് സഹായം നൽകുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും വീടുകളിൽ സഞ്ചാരസൗകര്യങ്ങളുടെ അഭാവംമൂലം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും മുൻഗണന. കുടുംബത്തിെൻറ സാമ്പത്തികസ്ഥിതി, പാരാപ്ലീജിയബാധിതരുടെ ആവശ്യങ്ങൾ, വീട്ടിൽ നിലവിലുള്ള സൗകര്യങ്ങൾ, നിർദേശിക്കപ്പെട്ട പ്രവൃത്തികളുടെ അനിവാര്യത എന്നിവ വിലയിരുത്തിയാണ് സഹായം അനുവദിച്ചത്.
യോഗത്തില്‍ ചെയര്മാന് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു.

