ഭിന്നശേഷിക്കാരെ പരിഹസിച്ചു; ഇൻഫ്ലുവൻസർമാർ ക്ഷമാപണം നടത്തണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശാരീരിക വെല്ലുവിളികളും അപൂർവ ജനിതക വൈകല്യങ്ങളും ബാധിച്ചവരെ പരിഹസിച്ചതിന് ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ അവതാരകൻ സമയ് റെയ്ന ഉൾപ്പെടെ അഞ്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരോട് നിരുപാധികം ക്ഷമാപണം നടത്താൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. തങ്ങളുടെ പോഡ്കാസ്റ്റിലോ ടി.വി ഷോയിലോ ആണ് ക്ഷമാപണം പ്രദർശിപ്പിക്കേണ്ടത്.
ശാരീരിക വെല്ലുവിളി നേരിടുന്നവരെയും സ്ത്രീകളെയും കുട്ടികളെയും മുതിർന്ന പൗരന്മാരെയും വ്രണപ്പെടുത്തുന്നതോ പരിഹസിക്കുന്നതോ ആയ സംസാരങ്ങൾ തടയുന്നതിനുള്ള മാർഗനിർദേശം രൂപവത്കരിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾക്ക് സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ബാധകമല്ലെന്ന് പറഞ്ഞു.
റെയ്ന ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ പിഴ ചുമത്തുന്നത് പിന്നീട് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. ശാരീരിക വെല്ലുവിളി നേരിടുന്നവരെയും സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ), കാഴ്ചവൈകല്യം എന്നിവയാൽ ബുദ്ധിമുട്ടുന്നവരെയും പരിഹസിച്ചതിന് അഞ്ച് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
തന്റെ പരിപാടിയിൽ നിരുപാധികം ക്ഷമാപണം നടത്തുമെന്ന് ഉറപ്പുനൽകിയ സോണാലി തക്കറെ നേരിട്ട് കോടതിയിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കിയിരുന്നു. മറ്റ് നാലുപേരും കോടതിയിൽ ഹാജരായി.
ക്ഷമാപണം നടത്തി സത്യവാങ്മൂലം സമർപ്പിച്ച റെയ്നയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. സ്വയം പ്രതിരോധിക്കാനും നിരപരാധിയാണെന്ന് നടിക്കാനുമാണ് ഇയാൾ ആദ്യം ശ്രമിച്ചതെന്ന് കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

