ബിന്ദുവിന്റെ മരണം വേദനയുണ്ടാക്കുന്നത്; ആരോഗ്യവകുപ്പിന്റെയും ഡോക്ടറുടെയും നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങൾ തിരിച്ചറിയണം -കെ.കെ.ശൈലജ
text_fieldsതിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരണമടഞ്ഞ ബിന്ദുവിന്റെ വേർപാടിൽ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും ആരോഗ്യവകുപ്പിന്റെയും രോഗികൾക്കുവേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച ഡോക്ടറുടെയും നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങൾ തിരിച്ചറിയണമെന്നും മുൻ ആരോഗ്യമന്ത്രിയും സി.പി.എം നേതാവുമായ കെ.കെ ശൈലജ. ഫേസ്ബുക്കിലൂടെയാണ് ശൈലജയുടെ പ്രതികരണം.
വളരെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്ന ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഗവൺമെന്റ് ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കെ.കെ. ശൈലജ കുറിച്ചു. മെഡിക്കൽ കോളജിൽ ബിന്ദുന്റെ മകളുടെ ഓപ്പറേഷൻ കൃത്യസമയത്ത് നടത്തുന്നതിനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഗവൺമെന്റിനോട് അഭ്യർഥിക്കുന്നുവെന്നും കെ.കെ.ശൈലജ പറഞ്ഞു.
എൽ.ഡി.എഫ് ഭരണകാലത്ത് വമ്പിച്ച പുരോഗതിയാണ് കോട്ടയം മെഡിക്കൽ കോളജിന് ഉണ്ടായിട്ടുള്ളതെന്നും കെ.കെ ശൈലജ ഓർമിപ്പിച്ചു. ഇപ്പോൾ തകർന്നു വീണ കെട്ടിടം മാറ്റിപ്പണിയുന്നതിന് 2018ൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി കിഫ്ബിയിൽ ഇടപെട്ട് ഫണ്ട് ലഭ്യമാക്കിയിരുന്നു. കോവിഡ് മഹാമാരി കാരണം നിർമാണ പ്രവർത്തനത്തിന് തടസ്സം നേരിട്ടെങ്കിലും ഇപ്പോൾ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.
പുതിയ കെട്ടിടത്തിലേക്ക് രോഗികളെ മാറ്റാൻ തീരുമാനിച്ചതിനിടയിലാണ് കെട്ടിടം തകർന്ന് വേദനാജനകമായ അനുഭവമുണ്ടായത്. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയകുമാർ മുൻകയ്യെടുത്താണ് കോളജിൽ ഇപ്പോൾ നടന്നിട്ടുള്ള എല്ലാ വികസനങ്ങളും ഉണ്ടായിട്ടുള്ളത്. ഹൃദയ ശസ്ത്രക്രിയക്കായി വിശ്രമമില്ലാതെ പ്രവർത്തിച്ച് ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച ഡോക്ടറേയും ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങളെയും കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങൾ തിരിച്ചറിയണമെന്നും കെ.കെ.ശൈലജ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

