'നികുതി കുറക്കുന്നതിന്റെ ആനുകൂല്യം ജനങ്ങൾക്ക് കിട്ടണം'; സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം കേന്ദ്രം പരിഹരിക്കണം -ധനമന്ത്രി
text_fieldsതിരുവനന്തപുരം: ജി.എസ്.ടി നികുതി പരിഷ്‍കരണത്തിലൂടെ ഉണ്ടാവുന്ന നികുതി കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നികുതി കുറവിന്റെ ആനുകൂല്യം വൻകിടക്കാർ പലപ്പോഴും പൊതുജനങ്ങൾക്ക് കൈമാറാത്ത സാഹചര്യമുണ്ട്. ആദ്യം സാധനങ്ങളുടെ വിലയൊക്കെ കുറിച്ച് വിറ്റ് പിന്നീട് പേരൊക്കെ മാറ്റി വില കൂട്ടി വിൽക്കുന്ന പ്രവണതയുണ്ട്. അത് ഇത്തവണ ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി പരിഷ്‍കരണത്തിലൂടെ രണ്ട് ലക്ഷം കോടിയുടെ വരുമാന നഷ്ടം വിവിധ സർക്കാറുകൾക്ക് ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിന് മാത്രം 8000 കോടിയുടെ നഷ്ടമുണ്ടാകും. ഈ നഷ്ടം കേന്ദ്രസർക്കാർ നികത്തണം. അല്ലെങ്കിൽ സാമൂഹിക ക്ഷേമ പദ്ധതികളും ജീവനക്കാരുടെ ശമ്പളവും പെൻഷനേയും വരെ അത് ബാധിക്കുമെന്നും കെ.എൻ ബാലഗോപാൽ മുന്നറിയിപ്പ് നൽകി.
മുമ്പ് ജി.എസ്.ടി ആനുകൂല്യങ്ങൾ ജനങ്ങൾക്ക് കിട്ടുന്നുണ്ടോയെന്ന പരിശോധിക്കാൻ ആന്റി പ്രൊഫിറ്ററിങ് കമിറ്റിയുണ്ടായിരുന്നു. ഈ സംവിധാനം പരാജയപ്പെട്ടതിനെ തുടർന്ന് കേന്ദ്രസർക്കാർ അത് പിരിച്ചുവിട്ടത്. വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് സർക്കാർ പരിഷ്‍കരണം നടപ്പിലാക്കിയത്. എന്നാൽ, ജനങ്ങൾക്ക് ഗുണം കിട്ടുന്ന കാര്യമായതിനാൽ കേരളം ഉൾപ്പടെ ഒരു സംസ്ഥാനവും അതിനെ എതിർത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നികുതിഭാരം ഇന്നുമുതൽ കുറയും
ന്യൂഡൽഹി: നിത്യോപയോഗ സാധനങ്ങൾമുതൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും വാഹനങ്ങളും വരെയുള്ളവയുടെ വില കുറയുന്ന ജി.എസ്.ടി ഇളവ് ഇന്നുമുതൽ. രാജ്യത്തിന്റെ നികുതി ചരിത്രത്തിലെ വൻ പരിഷ്കാരത്തിനാണ് നവരാത്രി തുടക്കത്തിൽ ആരംഭം കുറിക്കുന്നത്. നിലവിലുണ്ടായിരുന്ന 28, 12 ശതമാനം ജി.എസ്.ടി സ്ലാബുകൾ ഒഴിവാക്കിയതോടെ അഞ്ച്, 18 എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളാണ് ഇനിയുണ്ടാവുക. ഇതുവഴി 375ഓളം ഉൽപന്നങ്ങൾക്ക് വില കുറയും.
12 ശതമാനം നികുതി നിരക്കിലുണ്ടായിരുന്ന 99 ശതമാനം ഉൽപന്നങ്ങളും അഞ്ച് ശതമാനത്തിലേക്കും 28 ശതമാനത്തിലുണ്ടായിരുന്ന 90 ശതമാനം ഉൽപന്നങ്ങളും 18 ശതമാനത്തിലേക്കും മാറും. നെയ്യ്, പനീർ, ബട്ടർ, കെച്ചപ്പ്, ജാം, ഉണങ്ങിയ പഴങ്ങൾ, കാപ്പി, ഐസ് ക്രീം, ടി.വി, എ.സി, വാഷിങ് മെഷീൻ തുടങ്ങിയവക്കെല്ലാം വില കുറയും. ജി.എസ്.ടി ഇളവിനനുസരിച്ച് വില കുറക്കുന്നതായി നിരവധി കമ്പനികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വില അഞ്ച് ശതമാനമായി കുറയുന്നതോടെ സാധാരണക്കാരുടെ ചികിത്സാഭാരം കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

