'നരഭോജിക്കടുവയെ വെടിവെച്ച് കൊല്ലണം'; പഞ്ചാരക്കൊല്ലിയിൽ പ്രതിഷേധവുമായി നാട്ടുകാർ
text_fieldsകൽപറ്റ: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ നരഭോജിക്കടുവയെ പിടികൂടുന്ന ദൗത്യം വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. ദൗത്യസംഘത്തിന്‍റെ ബേസ് ക്യാമ്പിൽ സംഘടിച്ചെത്തിയ നാട്ടുകാർ ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലായി. കടുവയെ വെടിവെച്ച് കൊല്ലാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇന്നലെ കടുവ കൊലപ്പെടുത്തിയ വീട്ടമ്മ രാധയുടെ സംസ്കാരം ഇന്ന് രാവിലെയാണ് നടന്നത്. ഇതിന് പിന്നാലെയാണ് നാട്ടുകാർ സംഘടിച്ച് പ്രതിഷേധവുമായെത്തിയത്. കടുവക്കായുള്ള ദൗത്യം വൈകുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. കടുവയെ മയക്കുവെടിവെച്ച് പിടികൂടുകയല്ല, വെടിവെച്ചു കൊല്ലുകയാണ് വേണ്ടതെന്നാണ് നാട്ടുകാരുടെ ആവശ്യം. കടുവയെ പിടികൂടി കാട്ടിൽ തുറന്നുവിട്ടാൽ വീണ്ടും നാട്ടിലേക്ക് തന്നെ ഇറങ്ങുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി സ്ഥലത്ത് ചർച്ച നടക്കുകയാണ്. കടുവയെ പിടികൂടാനുള്ള നടപടിക്രമങ്ങൾ ഉദ്യോഗസ്ഥർ നാട്ടുകാർക്ക് വിശദീകരിക്കുന്നുണ്ട്.
കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടർന്ന് മാനന്തവാടി നഗരസഭാ പരിധിയിൽ യു.ഡി.എഫും എസ്.ഡി.പി.ഐയും ആഹ്വാനംചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വിസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനിടെ, മാനന്തവാടി സപ്ലൈ ഓഫിസ് തുറന്നുപ്രവർത്തിച്ചതിൽ ജീവനക്കാരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ സംഘർഷ സാഹചര്യമുണ്ടായി.
പഞ്ചാരക്കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിന്‍റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ജനുവരി 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.
തോട്ടം തൊഴിലാളിയായ രാധ ഇന്നലെ കാപ്പി പറിക്കാൻ പോകുന്നതിനിടെയാണ് കടുവയുടെ ആക്രമണത്തിനിരയായത്. വലിയ ജനരോഷം ഉണ്ടായതോടെ കടുവയെ വെടിവച്ചു കൊല്ലാൻ അറിയിപ്പ് ഇറക്കി. 11 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഒ.ആർ. കേളു അറിയിച്ചിരിക്കുകയാണ്. രാധയുടെ ഭർത്താവ് അച്ചപ്പൻ വനംവാച്ചറാണ്. അനീഷ, അജീഷ് എന്നിവരാണ് രാധയുടെ മക്കൾ. മന്ത്രി നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.