വന്ദേഭാരത് വന്നിട്ടും യാത്രക്ക് രാത്രി ട്രെയിൻ തന്നെ പ്രിയം
text_fieldsകണ്ണൂർ: സൗകര്യങ്ങളിലും വേഗതയിലും രാജകീയമായ വന്ദേഭാരത് എക്സ്പ്രസ് വന്നിട്ടും ദീർഘദൂര യാത്രക്കാർക്ക് പ്രിയം രാത്രികാല ട്രെയിനുകൾ. കാസർകോട് നിന്ന് സർവിസ് തുടങ്ങുന്നതും യാത്ര അവസാനിപ്പിക്കുന്നതുമായ ആദ്യ ട്രെയിൻ ആയിട്ടും കാസർകോട് ബുക്കിങ് കൂടുതലും രാത്രി വണ്ടികൾക്ക് തന്നെ.
ദീർഘനേരം ഇരുന്നുകൊണ്ടുള്ള പകൽ യാത്രയാണ് ആളുകളെ പിന്നോട്ടടിപ്പിക്കുന്നത്. കൂടാതെ തലസ്ഥാനത്തെ സർക്കാർ ഓഫിസുകളിലേക്കും മറ്റും വിവിധ ആവശ്യങ്ങൾക്ക് പോകുന്നവർക്ക് രാത്രി ട്രെയിനിന് പോയാൽ പിറ്റേന്ന് പുലർച്ചെ അവിടെ എത്തി ഓഫിസ് സമയത്ത് കാര്യങ്ങൾ നിർവഹിക്കാം എന്ന സൗകര്യവുമുണ്ട്. എന്നാൽ, പകൽ പുറപ്പെടുന്ന വന്ദേ ഭാരതിന് പോയാൽ രാത്രിയിലാണ് അവിടെ എത്തുക. താമസത്തിന് ലോഡ്ജുകളെയും മറ്റും ആശ്രയിച്ചാൽ മാത്രമേ പിറ്റേന്ന് കാര്യങ്ങൾ നിറവേറ്റാൻ കഴിയൂ. ഇത് കൂടുതൽ ചെലവ് വരുത്തിവെക്കും.
അത്യാധുനിക സൗകര്യമുള്ള സർവിസ് എന്ന നിലക്ക് വന്ദേഭാരതിൽ തുടക്കം മുതൽ തരക്കേടില്ലാത്ത ബുക്കിങ് ഉണ്ട്. മേയ് ആദ്യവാരത്തിലും വെയ്റ്റിങ് ലിസ്റ്റാണ് ബുക്കിങ് സ്റ്റാറ്റസ്. ട്രെയിൻ പുറപ്പെടുന്നതിനു മുമ്പുള്ള കറന്റ് ബുക്കിങ്ങിലും ഒഴിവുകൾ ഒട്ടേറെ. എന്നാൽ, മേയ് രണ്ടാംവാരത്തിൽ ഇതര ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ വന്ദേഭാരതിലെ ബുക്കിങ് കുറവാണ്. കാസർകോട്- തിരുവനന്തപുരം യാത്രക്ക് കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത് വൈകീട്ടുള്ള മലബാർ എക്സ്പ്രസ് തന്നെയാണ്. ട്രിവാൻഡ്രം, മാവേലി എക്സ്പ്രസിന്റെ സ്ഥിതിയും സമാനം. യാത്ര തുടങ്ങി പിന്നേറ്റ് പുലർച്ചെയും രാവിലെയുമൊക്കെയായി തലസ്ഥാന നഗരിയിൽ എത്തുമെന്നതാണ് ഇതിനു കാരണം.
ഉദാഹരണത്തിന്, മേയ് 17ന് ഉച്ചക്കുശേഷം രണ്ടരക്ക് കാസർകോട്നിന്ന് പുറപ്പെടുന്ന വന്ദേഭാരതിൽ ചൊവ്വാഴ്ച വൈകീട്ട് വരെ എ.സി ചെയർകാറിൽ 420ഓളം സീറ്റ് ഒഴിവുണ്ട്. എട്ടുമണിക്കൂർ കൊണ്ടാണ് ഈ ട്രെയിൻ കാസർകോട്ടുനിന്ന് തിരുവനന്തപുരത്ത് എത്തുന്നത്. എന്നാൽ, 14മണിക്കൂർകൊണ്ട് എത്തുന്ന മലബാർ എക്സ്പ്രസിലെ സ്ലീപ്പറിൽ ഒറ്റ സീറ്റുപോലും ഒഴിവില്ല. എ.സി ക്ലാസുകളിലെ സ്ഥിതിയും ഇങ്ങനെതന്നെ.
ഉച്ചക്കുശേഷം 3.05ന് കാസർകോട്നിന്ന് പുറപ്പെടുന്ന ട്രിവാൻഡ്രം എക്സ്പ്രസിലും സീറ്റുറപ്പില്ല. രാത്രി ട്രെയിനുകൾ എല്ലാം ആഴ്ചകൾക്കു മുമ്പേ ബുക്കിങ് ആണ്.
ഇനി പകൽ യാത്രയാണ് വേണ്ടതെങ്കിലും ഇതര ട്രെയിനുകളിലെ ബുക്കിങ് വന്ദേഭാരതിനില്ല എന്നാണ് ബുക്കിങ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്. ഇതിനു പ്രധാനകാരണം ടിക്കറ്റ് നിരക്കിലെ വ്യത്യാസമാണ്. 12.50ന് കാസർകോട്ടെത്തുന്ന രാജധാനിയിലും വന്ദേഭാരതിനേക്കാൾ ബുക്കിങ് ഉണ്ടെന്നാണ് കണക്കുകൾ. വന്ദേഭാരതിലെ സി.സി, ഇ.സി കോച്ചുകളേതിനേക്കാൾ രാജധാനിയിലെ കിടക്കാൻ കൂടി സൗകര്യമുള്ള എ.സി കോച്ചുകളാണ് ആളുകൾ കംഫർട്ട് ആയി കാണുന്നത്.
ചുരുക്കത്തിൽ, വന്ദേഭാരത് സർവിസ് മലയാളികളുടെ ഇഷ്ട സർവിസ് ആവാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ബുക്കിങ് നില വ്യക്തമാക്കുന്നത്. മംഗലാപുരത്തേക്ക് സർവിസ് നീട്ടുക വഴി ബിസിനസ് ആവശ്യക്കാരുടെ എണ്ണം വർധിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

