മുനമ്പത്തെ ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു; ‘നിയമവഴിലൂടെ തന്നെ പരിഹാരം കാണണം’
text_fieldsകൊച്ചി: വഖഫ് ഭൂമി വിഷയത്തിൽ മുനമ്പത്തെ ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമവഴിലൂടെ തന്നെ പരിഹാരം കാണണമെന്നും കിരണ്‍ റിജിജു വ്യക്തമാക്കി.
വഖഫ് ബോർഡിന്‍റെ അധികാരത്തിലും ഘടനയിലും നിയമഭേദഗതി മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ വഖഫ് ട്രൈബ്യൂണൽ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങൾക്ക് ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാമെന്നും കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി.
വഖഫ് നിയമം മുസ്‍ലിംകള്‍ക്കെതിരല്ലെന്നും മുസ്‍ലിംകൾ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും വോട്ട് ബാങ്ക് ആകരുത്. വഖഫ് നിയമം ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടുള്ളതല്ല. മുനമ്പത്ത് യു.ഡി.എഫും എല്‍.ഡി.എഫും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കരുത്. ബി.ജെ.പിയുടെ പേരുപറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കേരള ജനതയെ എത്രകാലം തെറ്റിദ്ധരിപ്പിക്കാനാകും?.
മുസ്‍ലിംകള്‍ക്കെതിരായ നീക്കമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. നിഷ്പക്ഷതക്കും നീതി ഉറപ്പാക്കാനും വേണ്ടിയാണ് മേല്‍നോട്ട അധികാരം കലക്ടര്‍ക്ക് നല്‍കിയത്. വിവിധ സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും വഖഫ് ഭൂമിയില്‍ തര്‍ക്കമുണ്ടാകാം. ഈ സാഹചര്യം കണക്കിലെടുത്താണ് അമുസ്‍ലിംകളെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്.
വര്‍ഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം നടഷ്ടപ്പെട്ട ആയിരക്കണക്കിന് ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുകയാണ് ചെയ്തത്. നിയമ ഭേദഗതി വന്നില്ലെങ്കില്‍ ഏത് ഭൂമിയും വഖഫ് ഭൂമിയാകുന്ന അവസ്ഥയുണ്ടായിരുന്നു. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്തെവിടെയും ആവര്‍ത്തിക്കില്ല. മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈകോടതി ഉത്തരവിനെതിരെ പുതിയ നിയമപ്രകാരം സുപ്രീംകോടതിയെ സമീപിക്കാം. സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കണം. എറണാകുളം കലക്ടര്‍ മുനമ്പം രേഖകള്‍ പുനഃപരിശോധിക്കണം. സര്‍ക്കാര്‍ ഇതിന് നിര്‍ദേശിക്കണം.
മുനമ്പം പ്രശ്‌നം തന്നെ ആഴത്തില്‍ അസ്വസ്ഥതപ്പെടുത്തി. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ എന്ന നിലയിലാണ് നിര്‍ണായക നടപടി സ്വീകരിച്ചത്. നിയമഭേദഗതിയിലൂടെ 40 ആം വകുപ്പ് ഇല്ലാതാക്കി. വിശദമായ ചര്‍ച്ചക്ക് ശേഷമാണ് ബില്‍ അവതരിപ്പിച്ചത്. മുനമ്പത്തേതു പോലെ പ്രശ്‌നം ഇനി ആവര്‍ത്തിക്കില്ല. ഇനി വാക്കാല്‍ പ്രഖ്യാപിച്ചാല്‍ വഖഫ് ഭൂമിയാകില്ലെന്നും പകരം രേഖ വേണമെന്നും കേന്ദ്ര മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.