Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ് ഫലം:...

തെരഞ്ഞെടുപ്പ് ഫലം: സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് ജനം കനത്ത മറുപടി നൽകി -വെൽഫെയർ പാർട്ടി

text_fields
bookmark_border
തെരഞ്ഞെടുപ്പ് ഫലം: സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് ജനം കനത്ത മറുപടി നൽകി -വെൽഫെയർ പാർട്ടി
cancel

കോഴിക്കോട്: സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് കേരളീയ സമൂഹം നൽകിയ കനത്ത തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫിനെയും എൻ.ഡി.എയെയും പരാജയപ്പെടുത്താൻ വെൽഫെയർ പാർട്ടി നടത്തിയ രാഷ്ട്രീയ ആഹ്വാനത്തെ ഏറ്റെടുത്ത മുഴുവൻ വോട്ടർമാർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

മൃദുഹിന്ദുത്വയിലൂടെയും സാമുദായിക ധ്രുവീകരണത്തിലൂടെയും അധികാരത്തിൽ തുടരാനുള്ള സി.പി.എമ്മിന്റെ കുതന്ത്രങ്ങളെയും കേരളത്തിന്റെ മതനിരപേക്ഷ സാമൂഹ്യ-രാഷ്ട്രീയ ഘടനയെ അട്ടിമറിച്ചും പണമൊഴുക്കിയും ഭരണത്തിലേറാമെന്ന സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയ പദ്ധതികളെയും പരാജയപ്പെടുത്തുകയും പ്രതിരോധിക്കുകയും ചെയ്‌ത കേരളീയ സമൂഹത്തെ വെൽഫെയർ പാർട്ടി അഭിവാദ്യം ചെയ്യുന്നു.

കഴിഞ്ഞ 10 വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ തുടരുന്ന ആർ.എസ്.എസ് ദാസ്യത്തെയും ജനവിരുദ്ധ നയങ്ങളെയും കേരളീയ സമൂഹം കൃത്യമായിത്തന്നെ വിലയിരുത്തിയിട്ടുണ്ടെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ. തുടർച്ചയായി സാമുദായിക ധ്രുവീകരണ അന്തരീക്ഷം നിർമിച്ച് മുസ്‌ലിം അപരവത്കരണത്തിലൂടെ അധികാരം നിലനിർത്തുകയെന്ന ഹീനമായ തെരഞ്ഞെടുപ്പ് തന്ത്രമാണ് സി.പി.എം സമീപകാലത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പയറ്റിയിരുന്നത്.

തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ സംഘ്പരിവാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിപ്പോരുന്ന അപരവത്കരണ-ധ്രുവീകരണ രാഷ്ട്രീയം തന്നെയാണ് എളുപ്പവഴിയെന്ന കണക്കുകൂട്ടലിലായിരുന്നു സി.പി.എം. ഇത് ആത്യന്തികമായി സി.പി.എമ്മിന് നഷ്ടക്കച്ചവടമാണെന്നും ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് മെയ്യനങ്ങാതെ വന്നുചേരുന്ന രാഷ്ട്രീയ നിക്ഷേപമായിരിക്കുമെന്നുമുള്ള വെൽഫെയർ പാർട്ടിയുടെ മുന്നറിയിപ്പുകൾ ശരിയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും തിരുത്തുമെന്ന് നേതൃത്വം ആവർത്തിക്കുകയല്ലാതെ തങ്ങൾ തുടർന്ന് പോരുന്ന ധ്രുവീകരണ രാഷ്ട്രീയത്തെ കൈവെടിയുവാൻ സി പി എം ഇതുവരെയും തയാറായിട്ടില്ല.

കണ്ണിൽ പൊടിയിടുന്ന ക്ഷേമ വാഗ്ദാനങ്ങളെക്കാൾ പ്രധാനപ്പെട്ടതാണ് കേരളം കാത്തു സൂക്ഷിക്കുന്ന മതനിരപേക്ഷതയും സാമൂഹിക സഹവർത്തിത്വവുമെന്ന് കേരളീയ സമൂഹം ഒരിക്കൽക്കൂടി പ്രഖ്യാപിച്ചിരിക്കുന്നു. പണമൊഴുക്കിയുള്ള പി ആർ ഗിമ്മിക്കുകൾ സൃഷ്ടിക്കാൻ ശ്രമിച്ച പൊതുബോധത്തെക്കാൾ മുകളിലാണ് തങ്ങളുടെ രാഷ്ട്രീയ ബോധമെന്ന് മലയാളിസമൂഹം തെളിയിച്ചിരിക്കുന്നു. ജനകീയ സമരങ്ങളെ ഞെരിച്ചമർത്തിയും അവകാശ സമരങ്ങളെ പൈശാചികവത്കരിച്ചും മറുചോദ്യങ്ങളെ വായടപ്പിക്കാൻ ശ്രമിച്ചും 10 വർഷം നടത്തിയ ഉരുക്കുഭരണത്തെ സഹിക്കാൻ തങ്ങളിനിയും തയ്യാറാല്ലെന്ന കേരളീയ സമൂഹത്തിന്റെ ധീരമായ പ്രഖ്യാപനം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള സി പി എമ്മിന്റെ നേതാക്കൾക്ക് കനത്ത തിരിച്ചടിയാണ് ജനം നൽകിയിരിക്കുന്നത്.

നരേന്ദ്രമോദി അടക്കമുള്ള കേന്ദ്ര നേതാക്കളെ എഴുന്നള്ളിച്ചും എൻ ഡി എ ക്ക് നേതൃത്വം നൽകുന്ന മുതലാളിമാരുടെ കോർപ്പറേറ്റ് പണമൊഴുക്കിയും പ്രലോഭനവും ഭീഷണിയും അടക്കമുള്ള കെണികളൊരുക്കിയും നിയമസഭയിലെ അംഗത്വം വർധിപ്പിക്കാമെന്ന കണക്കുകൂട്ടലിൽ കളത്തിലിറങ്ങിയ ബി ജെ പി യുടെ വംശീയ രാഷ്ട്രീയത്തെയും കേരളം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഹിന്ദു - മുസ്‌ലിം വിഭജനത്തോടൊപ്പം ക്രിസ്ത്യൻ സമൂഹത്തെ മുസ്‌ലിം സമൂഹത്തിനെതിരാക്കി തിരിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന ബി ജെ പി പദ്ധതിയെ കേരളത്തിലെ ഫാഷിസ്റ്റ് വിരുദ്ധ നിലപാട് ഉയത്തിപ്പിടിക്കുന്ന സമൂഹം പരാജയപ്പെടുത്തി.

തങ്ങളെ ഭരണമേല്പിച്ച ജനവിധിയുടെ വിശാലതാൽപര്യങ്ങൾ തിരിച്ചറിഞ്ഞു സംസ്ഥാന ഭരണം മുന്നോട്ട് നയിക്കാൻ യു.ഡി.എഫിന് സാധിക്കേണ്ടതുണ്ട്.സാമൂഹിക സഹവർത്തിത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനുള്ള നടപടികൾ കൈക്കൊള്ളുകയും വോട്ടർമാർ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തോട് നീതി പുലർത്താൻ സാധിക്കുകയും വേണം. ജനവിധിയുടെ വിശാലമായ താലപര്യങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ഭരണം നടത്താൻ യു ഡി എഫിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partykerala assembly electionelection result
News Summary - People gave a strong response to the communal polarisation politics of CPM and BJP - Welfare Party
Next Story