ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് ജനപ്രവാഹം
text_fieldsപുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറക്കു മുന്നിൽ വിതുമ്പുന്ന പയ്യപ്പാടി സ്വദേശിനി
ഏലിയാമ്മ ഐപ്പ്
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മൃതദേഹം അടക്കിയ പുതുപ്പള്ളി വലിയ പള്ളിയിലെ കല്ലറയിലേക്ക് ജനപ്രവാഹം. വെള്ളിയാഴ്ച രാവിലെ മുതൽ നിരവധിപേർ കല്ലറ കാണാനും പ്രാർഥിക്കാനുമായി എത്തി. തിരക്കും ആരോഗ്യാവസ്ഥയും മൂലം കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ കഴിയാതിരുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. പലരും കണ്ണീരോടെ കല്ലറക്ക് മുന്നിൽ കൈകൂപ്പി. കുന്നന്താനം പഞ്ചായത്ത് അംഗം ഗ്രേസി മാത്യു കരഞ്ഞുകൊണ്ട് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ കെട്ടിപ്പിടിച്ചു. ‘നീ അച്ഛന്‍റെ മകൻ തന്നെ. നടൻ വിനായകന്‍റെ ആക്ഷേപത്തിനുള്ള മറുപടി കണ്ടു. ഉമ്മൻ ചാണ്ടി സാർ ഉണ്ടായിരുന്നെങ്കിലും ഇതുതന്നെ പറഞ്ഞേനെ. ഇങ്ങനെ തന്നെയാവണം’ -ഗ്രേസി മാത്യു പറഞ്ഞു.
പയ്യപ്പാടി സ്വദേശിനി ഏലിയാമ്മ ഐപ്പ് ‘ഞങ്ങളുടെ ദൈവമാണിത്’ എന്നുപറഞ്ഞാണ് കല്ലറക്കു മുന്നിൽനിന്ന് കരഞ്ഞത്. മക്കളെല്ലാം തലേദിവസം വന്ന് ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ടു. പ്രായാധിക്യമുള്ളതിനാൽ തിരക്കിനിടയിലേക്ക് വരാൻ ഏലിയാമ്മക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് വെള്ളിയാഴ്ച പള്ളിയിലെത്തിയത്. ഏലിയാമ്മയുടെ ഭർത്താവ് ഐപ്പ് പാർട്ടി പ്രവർത്തകനായിരുന്നു. പോസ്റ്റർ ഒട്ടിക്കുന്നതിനിടെ ചുണ്ണാമ്പ് വീണ് ഐപ്പിന്‍റെ ദേഹം പൊള്ളിയ സംഭവവും ഏലിയാമ്മ ഓർത്തെടുത്തു. ഒമ്പതു വർഷം മുമ്പാണ് ഐപ്പ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

