Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ സർക്കാർ നിലപാട്...

പുതിയ സർക്കാർ നിലപാട് ജനം കാത്തിരിക്കുന്നു

text_fields
bookmark_border
പുതിയ സർക്കാർ നിലപാട് ജനം കാത്തിരിക്കുന്നു
cancel

തിരുവനന്തപുരം: പതിറ്റാണ്ടു നീണ്ട എൽ.ഡി.എഫ് ഭരണത്തിന് അന്ത്യംകുറിച്ച് യു.ഡി.എഫ് അധികാരത്തിലേക്ക് വരുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് പുതിയ സർക്കാറിന്‍റെ നയവും നടപ്പുരീതികളുമായിരിക്കും. ജനരോഷം ക്ഷണിച്ചുവരുത്തിയ ഒട്ടേറെ പദ്ധതികളും നയങ്ങളുമാണ് പിണറായി സർക്കാറിന്‍റെ ദയനീയ പതനത്തിലേക്ക് നയിച്ച കാരണങ്ങളിൽ പ്രധാനപ്പെട്ടത്. യു.ഡി.എഫ് തന്നെ പ്രശ്നവത്കരിച്ച സർക്കാർപരിപാടികളിൽ പുതിയ സർക്കാർ എന്തു നിലപാടെടുക്കുമെന്നത് നിർണായകവുമാണ്. നാട്ടിലെങ്ങും മദ്യം സുലഭമാക്കിയ മദ്യനയം മുതൽ യുവതലമുറ പഠനത്തിനും ജോലിക്കും കൂട്ടത്തോടെ നാടുവിടുന്ന സാഹചര്യം വരെ 10 വർഷ ഭരണത്തിന്‍റെ ദുരന്തശേഷിപ്പുകളാണ്. ഇവയെല്ലാം വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷം നിയമസഭക്കകത്തും പുറത്തും വലിയ പ്രക്ഷോഭങ്ങൾക്ക് കാരണമാക്കുകയും ചെയ്തു.

മദ്യനയത്തിൽ തിരുത്തലുണ്ടാകുമോ?

2016ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ 29 ബാറുകൾ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 884 ബാറുകളുണ്ടെന്നാണ് കണക്കുകൾ. 330ഓളം വരുന്ന ബവ്കൊ ഔട്ട്ലെറ്റുകൾക്ക് പുറമെയാണിത്. ടൂറിസം, ഐ.ടി മേഖലകളിലെ ആവശ്യകത പറഞ്ഞുള്ള ഉദാര മദ്യനയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നെങ്കിലും വരുമാനം മാത്രം മുന്നിൽകണ്ട് നാൾക്കുനാൾ വർധിപ്പിക്കുന്ന നയമായിരുന്നു സർക്കാറിന്. ബാറുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 12 വരെയായി ഏകീകരിച്ചത് ഉൾപ്പെടെ തീരുമാനങ്ങളിൽ പുതിയ സർക്കാർ നിലപാട് നിർണായകമായിരിക്കും. മദ്യത്തിനൊപ്പം സംസ്ഥാനത്ത് പിടിമുറുക്കിയ മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാനുള്ള കർശന നടപടിയും പുതിയ സർക്കാറിൽനിന്ന് ജനം പ്രതീക്ഷിക്കുന്നു.

വിദ്യാഭ്യാസവും തൊഴിൽമേഖലയും മാറുമോ?

സംസ്ഥാനത്തെ സ്കൂൾ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് പുതിയ സർക്കാർ കാലത്തും പ്രതീക്ഷിക്കുന്നത്. ബിരുദ, ബിരുദാനന്തര പഠനത്തിനും തൊഴിലിനും യുവാക്കൾ കൂട്ടത്തോടെ വിദേശത്തേക്ക് പറക്കുന്ന പ്രവണത കേരളത്തിന്‍റെ ഭാവിക്ക് വലിയ വെല്ലുവിളിയാണ്. ഈ നില തുടർന്നാൽ കേരളം വൃദ്ധസദനമായി മാറുമെന്നാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടിയത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കോഴ്സുകളിലും പാഠ്യപദ്ധതിയിലും വൈവിധ്യവത്കരണവും വ്യവസായ/തൊഴിൽ മേഖലകളുമായുള്ള ബന്ധമില്ലായ്മയും പ്രധാന പോരായ്മയാണ്. ഇതിനായി ആവിഷ്കരിച്ച പദ്ധതികളെല്ലാം നാമമാത്രമാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായുള്ള ആഗോള കുടിയേറ്റം നിയന്ത്രിക്കാൻ പുതിയ സർക്കാറിൽനിന്ന് നയപരമായ തീരുമാനം ജനം പ്രതീക്ഷിക്കുന്നു.

മനുഷ്യ-വന്യജീവി സംഘർഷം

മലയോര ജനതയുടെ ജീവനും സ്വത്തും ഏത് നിമിഷവും വന്യജീവി ആക്രമണത്തിൽ കവരാമെന്ന സാഹചര്യമായിട്ട് ഏതാനും വർഷങ്ങളായി. ഇത് നിയന്ത്രിക്കാൻ സർക്കാർ കൊണ്ടുവന്ന പദ്ധതികളൊന്നും ഫലംകണ്ടില്ല. മലയോര ജനതയെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ് സർക്കാറെന്നാണ് ഈ മേഖലകളെ കോർത്തിണക്കി നടത്തിയ യാത്രയിലും നിയമസഭയിലും വി.ഡി. സതീശൻ പറഞ്ഞത്. മലയോര ജനതയുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ കാര്യക്ഷമമായ പുതിയ നയപരിപാടി പുതിയ സർക്കാറിൽനിന്ന് കേരളം കാത്തിരിക്കുന്നു.

കിഫ്ബിയുടെ ഭാവിയെന്താകും?

ബജറ്റിന് പുറത്ത് വിഭവ സമാഹരണം നടത്തി പദ്ധതികൾ നടപ്പാക്കുന്ന കിഫ്ബിക്കെതിരെ ശക്തമായ നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. സംസ്ഥാനത്തെ സാമ്പത്തികമായി മുക്കുന്ന സംവിധാനമാണ് കിഫ്ബിയെന്നാണ് മുന്നണി നിലപാട്. കിഫ്ബി പണം പദ്ധതികൾക്കപ്പുറം പരസ്യത്തിലൂടെ സർക്കാറിന്‍റെ ഇമേജ് ബിൽഡിങ്ങിന് ഉൾപ്പെടെ വിനിയോഗിച്ചതോടെ വിമർശനം കടുക്കുകയും ചെയ്തിരുന്നു. കിഫ്ബി വഴി നടന്നുവരുന്ന പദ്ധതികളുടെ ഭാവിയും ഇതിൽ നിർണായകമാണ്.

നയത്തിൽ മാറ്റുമോ പൊലീസിനെ?

പിണറായി വിജയൻ സർക്കാർ ഏറ്റവും കൂടുതൽ വിമർശനം നേരിട്ടത് പൊലീസ് നയത്തിലാണ്. പൂർണമായും പാർട്ടിവത്കരിക്കപ്പെട്ട സംവിധാനം പോലെയാണ് പൊലീസ് സേനയെ ഉപയോഗിച്ചതെന്നായിരുന്നു വിമർശനം. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളിൽ കുടുക്കാനും അർധരാത്രി വീട്ടിൽ കയറി അറസ്റ്റ് ചെയ്യാനും സർക്കാർ പൊലീസിനെ ഉപയോഗിച്ചു. ‘പൊളിറ്റിക്കൽ സെക്രട്ടറി’യാൽ നിയന്ത്രിക്കപ്പെട്ട സേനയായി പൊലീസ് മാറിയെന്നും വിമർശനമുയർന്നു. കസ്റ്റഡിൽ നിരപരാധികൾ ശിക്ഷിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതും ക്രിമിനൽ പശ്ചാത്തലമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വരെ സംരക്ഷണവലയം തീർക്കുന്ന സംഭവങ്ങളും ഇക്കാലയളവിലുണ്ടായി. വിദ്വേഷ പ്രസംഗകർക്കും പ്രചാരകർക്കുമെതിരെ നടപടിയെടുക്കാതെ കാഴ്ചക്കാരായി മാറിയ പൊലീസ്കാലം കൂടിയാണ് കഴിഞ്ഞുപോയത്.

നികുതിപിരിവും ധനസ്ഥിതിയും

സാമ്പത്തിക ഞെരുക്കത്തിൽ മാത്രം ഓടിയ സർക്കാറാണ് രണ്ടാം പിണറായി സർക്കാർ. നികുതിപിരിവിലെ കാര്യക്ഷമതയില്ലായ്മയും വിവിധ മേഖലകളിലെ നികുതിചോർച്ചയും പ്രതിപക്ഷം പലതവണ പിടിപ്പുകേടായി ഉന്നയിച്ചതാണ്. ജി.എസ്.ടി വകുപ്പിനെ പൊളിച്ചുപണിത്, നികുതി പിരിവ് കാര്യക്ഷമമാക്കി സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെടുത്താമെന്ന ബദലാണ് വി.ഡി. സതീശൻ മുന്നോട്ടുവെച്ചത്. കേന്ദ്രവിഹിതം നേടിയെടുക്കലും ലഭിച്ചവയുടെ സമയബന്ധിത വിനിയോഗവും പുതിയ സർക്കാറിന് മുന്നിൽ പ്രധാന കടമ്പയാണ്.

കൺസൾട്ടൻസി ഭരണത്തിൽ മാറ്റമുണ്ടോ?

സർക്കാറിന്‍റെ വൻകിട പദ്ധതികൾക്കല്ലൊം കൺസൾട്ടൻസികളെ നിയമിച്ച് കോടികൾ വിനിയോഗിക്കുന്ന നയംമാറ്റം വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. സർക്കാർ വകുപ്പുകളെയും ഏജൻസികളെയും മാറ്റിനിർത്തിയായിരുന്നു സ്വകാര്യ കൺസൽട്ടൻസികളുടെ റിപ്പോർട്ടിലും നിർദേശങ്ങളിലും സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചത്. സിൽവർ ലൈൻ (കെ- റെയിൽ) ഉൾപ്പെടെയുള്ള പദ്ധതികൾക്കായി കൺസൾട്ടൻസി ചാർജ് ഇനത്തിൽ തുലച്ചത് കോടികളാണ്. ടെൻഡർപോലുമില്ലാതെ സർക്കാർ പദ്ധതികൾ സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് പതിച്ചുകൊടുക്കുന്ന രീതി ഇനി മുന്നോട്ടുപോകില്ലെന്ന് ഉറപ്പ്. വൻകിട പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ കൺസൾട്ടൻസികളെ യു.ഡി.എഫ് സർക്കാർ അടുപ്പിക്കുമോ എന്നതും നയപരമായ വിഷയമായി പരിഗണിക്കേണ്ടിവരും.

കെ-റെയിലും കെ-ഫോണും

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗ റെയിൽപദ്ധതിയായ സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതിക്കായി ജനരോഷം വകവെക്കാതെ മഞ്ഞക്കുറ്റി സ്ഥാപിച്ചിടത്ത് അവസാനിപ്പിച്ചതാണ്. കേന്ദ്രസർക്കാർ അനുമതി ലഭിക്കാതെ വന്നതോടെ ബദലായി സമർപ്പിച്ച റീജനൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രത്തിന് സമർപ്പിച്ചെങ്കിലും പച്ചക്കൊടി കാണിച്ചിട്ടില്ല. പരിസ്ഥിതി സൗഹൃദമല്ലെന്നുകണ്ട് യു.ഡി.എഫ് എതിർത്ത കെ-റെയിൽ പദ്ധതി ഉൾപ്പെടെയുള്ള അതിവേഗ റെയിൽ പദ്ധതിയിലും ബദൽ സാധ്യതകളിലും പുതിയ സർക്കാറിന് നയപരമായ തീരുമാനമെടുക്കേണ്ടിവരും. കേരളത്തിൽ ഡിജിറ്റൽ വിടവ് കുറക്കാനും എല്ലാവർക്കും കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനും ആവിഷ്കരിച്ച കെ-ഫോൺ പദ്ധതി ലക്ഷ്യത്തിന്‍റെ പരിസരത്ത് പോലും എത്തിയില്ലെന്നിരിക്കെ ഇതിലും തീരുമാനം വേണ്ടിവരും.

ലൈഫിന് ‘ലൈഫ്ലൈൻ’ കിട്ടുമോ?

വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ഭവന പദ്ധതികൾ ഏകോപിപ്പിച്ച് സർക്കാർ രൂപപ്പെടുത്തിയ പദ്ധതിയാണ് ലൈഫ്. 10 വർഷംകൊണ്ട് അഞ്ച് ലക്ഷത്തോളം വീടുകളാണ് പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയത്. എന്നാൽ, ഉമ്മൻചാണ്ടി സർക്കാറിന്‍റെ അഞ്ച് വർഷ ഭരണകാലത്ത് വിവിധ ഭവന പദ്ധതികൾക്ക് കീഴിലായി നാലര ലക്ഷത്തിലധികം വീടുകളാണ് പൂർത്തിയാക്കിയതെന്നും അതിനാൽ ലൈഫിൽ പുന:സംഘടന വേണമെന്നുമാണ് യു.ഡി.എഫ് നയം.

ആശമാർ പ്രതീക്ഷയിലാണ്

ആശാ, അങ്കണവാടി വർക്കർമാർ ഉൾപ്പെടെ സ്കീം വർക്കർമാരുടെ വേതനം വർധിപ്പിക്കാതിരുന്ന സർക്കാറിന്‍റെ പിടിവാശിയാണ് സെക്രട്ടറിയേറ്റിന് മുന്നൽ മാസങ്ങളോളം നീണ്ട ഐതിഹാസിക സമരത്തിലേക്ക് നയിച്ചത്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഒന്നാമത്തെ മന്ത്രിസഭ യോഗത്തിൽ ആശമാരുടെ പ്രശ്നം പരിഗണിച്ച് തീരുമാനമെടുക്കുമെന്നാണ് സമരപന്തലിലെത്തി വി.ഡി. സതീശൻ നൽകിയ ഉറപ്പ്. സ്കീം വർക്കർമാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കേണ്ടത് കേന്ദ്രസർക്കാറാണെന്ന നിലപാടിലായിരുന്നു പിണറായി സർക്കാർ.

പി.എസ്.സിയുടെ വിശ്വാസ്യത തിരിച്ചുപിടിക്കുമോ

നിയമനങ്ങളിലെ സുതാര്യതയില്ലായ്മയും പാർട്ടി നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും ഉൾപ്പെടെ വ്യാപകമായി കെ.എ.എസ് ഉൾപ്പെടെയുള്ള ഉന്നത തസ്തികകളിൽ കയറിപ്പറ്റിയത് പി.എസ്.സി എന്ന ഭരണഘടന സ്ഥാപനത്തിന്‍റെ വിശ്വാസ്യതക്ക് മങ്ങലേൽപ്പിച്ച കാലഘട്ടം കൂടിയാണ് കഴിഞ്ഞുപോയത്.

യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തിൽ അറസ്റ്റിലായ എസ്.എഫ്.ഐ നേതാക്കൾ പൊലീസ് റാങ്ക് പട്ടികയിൽ കയറിക്കൂടിയതുൾപ്പെടെ ഒട്ടേറെ സംഭവങ്ങളുണ്ടായി. അതേസമയം, ഒന്നാം റാങ്ക് ലഭിച്ചവർക്ക് പോലും മൂന്നുവർഷ കാലാവധി തീരുന്നത് വരെ നിയമനം നൽകാത്ത സാഹചര്യവുമുണ്ടായി. പിൻവാതിൽ നിയമനത്തിന് തസ്തികകൾ പൂഴ്ത്തിവെച്ച് പി.എസ്.സി പട്ടികയിലുള്ളവർക്ക് നിയമനം നിഷേധിച്ചു. മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും മുടിമുറിച്ചും പട്ടിണിക്കഞ്ഞിവെച്ചും നിരവധി ഉദ്യോഗാർഥികളാണ് ഭരണസിരാകേന്ദ്രത്തിന് മുന്നിൽ കണ്ണീർപൊഴിച്ചത്.

ആരോഗ്യമേഖലക്ക് ചികിത്സയുണ്ടോ?

മരുന്നും ഉപകരണങ്ങളുമില്ലാതായ സർക്കാർ ആശുപത്രികൾക്കും ചികിത്സാപിഴവുകൾക്കും പരിഹാരം ആവശ്യമാണ്. ഡോ. ഹാരിസ് ചിറക്കൽ ഉൾപ്പെടെയുള്ളവർ ഉയർത്തിയ സിസ്റ്റത്തിലെ വീഴ്ചക്ക് പരിഹാരം കാണാൻ നയപരമായ പരിപാടികൾ പുതിയ സർക്കാറിന് വേണം.

നടുനിവർത്താൻ ജനത്തെ അനുവദിക്കുമോ?

വെള്ളക്കരം പത്തിരട്ടിവരെ വർധിപ്പിച്ചതും വീട് ഉൾപ്പെടെയുള്ള കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഗണ്യമായി വർധിപ്പിച്ചതും വൻ ജനരോഷം ക്ഷണിച്ചുവരുത്തിയ സർക്കാർ നടപടിയാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും യു.ഡി.എഫ് ഇത് ചർച്ചയാക്കി. ഇതിൽ കുറവ് വരുത്തുന്നതിലും പുതിയ സർക്കാർ നിലപാട് നിർണായകമാണ്. വൈദ്യുതി ചാർജ് വർധനയും വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ എന്ത് നടപടിയെന്നും ജനം ഉറ്റുനോക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government of KeralaNew GovernmentUDFLatest NewsKerala Assembly Election 2026
News Summary - People are waiting for the new government's stance
Next Story