തീർപ്പാകാതെ കുന്നുകൂടി അഡ്വാൻസ് ബില്ലുകൾ; ഉദ്യോഗസ്ഥർക്ക് ധനവകുപ്പിന്റെ അന്ത്യശാസനം
text_fieldsതിരുവനന്തപുരം: ഡി.ഡി.ഒ അഡ്വാൻസ് ബില്ലുകൾ തീർപ്പാക്കാത്ത ഓഫിസുകൾക്ക് അന്ത്യശാസനവുമായി ധനവകുപ്പ്. മൂന്ന് മാസത്തിനുള്ളിൽ ബില്ലുകളിലെ നടപടികൾ പൂർത്തിയാക്കാത്ത പക്ഷം പലിശയടക്കം തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാനാണ് തീരുമാനം. സർക്കാർ ഓഫിസുകളുടെ ആവശ്യങ്ങൾക്കോ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കാര്യങ്ങൾക്കോ വേണ്ടി യഥാർഥ ചെലവ് നടക്കുന്നതിന് മുമ്പുതന്നെ ട്രഷറിയിൽനിന്ന് മുൻകൂറായി പണം പിൻവലിക്കാൻ സമർപ്പിക്കുന്ന ബില്ലുകളാണ് ഡി.ഡി.ഒ അഡ്വാൻസ് ബില്ലുകൾ.
ഓഫിസുകളിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും ട്രഷറിയിൽനിന്ന് പണം മാറാനും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരായ ഡി.ഡി.ഒമാരാണ് (ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർ) ഇത്തരം ബില്ലുകൾ തയാറാക്കുന്നത്. ചട്ടപ്രകാരം മുൻകൂറായി വാങ്ങിയ തുക ചെലവാക്കിയ ശേഷം, കൃത്യമായ ബില്ലുകളും വൗച്ചറുകളും ഉൾപ്പെടുത്തി മൂന്ന് മാസത്തിനുള്ളിൽ ‘ഡീറ്റെയിൽഡ് ബിൽ’ ട്രഷറിയിൽ സമർപ്പിച്ച് തുക സാധൂകരിക്കേണ്ടത് നിർബന്ധമാണ്.
അനുവദിച്ച അഡ്വാൻസ് തുക പൂർണമായി ചെലവായില്ലെങ്കിൽ, ബാക്കി തുക ചെലാൻ മുഖേന ട്രഷറിയിലേക്ക് തിരികെ അടയ്ക്കണം. അനുവദിച്ചതിനെക്കാൾ അധികം തുക ചെലവ് വന്നെങ്കിൽ അത് ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്. എന്നാൽ, ഇത്തരം ബില്ലുകളിലൂടെ പണം വാങ്ങിയെങ്കിലും നടപടികൾ പൂർത്തിയാകാത്ത കേസുകളുടെ എണ്ണം വർധിച്ചതാണ് നടപടി കടുപ്പിക്കാൻ ധനവകുപ്പിനെ നിർബന്ധിതമാക്കിയത്.
അഡ്വാൻസ് ബില്ലുകൾ തീർപ്പാക്കാൻ നേരത്തെ മാർച്ച് 31 വരെ സമയമനുവദിച്ചിരുന്നെങ്കിലും കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ 2026 നവംബർ 30 വരെ സമയമനുവദിക്കുകയും ഈ പരിധിക്കുള്ളിൽ തീർപ്പാക്കാത്ത പക്ഷം അനുവദിച്ച തുക നിശ്ചിത ശതമാനം പിഴ സഹിതം ബന്ധപ്പെട്ട ഡി.ഡി.ഒമാരിൽനിന്ന് തിരികെ പിടിക്കാനുമാണ് ആലോചന.
പൊലീസാണ് ഇത്തരം ബില്ലുകൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്താറുള്ളത്. പിന്നീടത് തീർപ്പാക്കാറുമില്ല. പരീക്ഷ നടത്തിപ്പിനുള്ള ചെലവുകൾക്കായി സ്കൂളുകളും അഡ്വാൻസ് വാങ്ങാറുണ്ട്. പ്രധാനാധ്യാപകർ വിരമിക്കുകയോ സ്ഥലം മാറുകയോ ചെയ്യുന്ന ഘട്ടങ്ങളിൽ ഈ ബില്ലിൻമേലുള്ള തുടർ നടപടികൾ ഉപേക്ഷിക്കുന്ന രീതി വ്യാപകമാണ്. 2016 മുതലുള്ള ബില്ലുകൾ തീർപ്പാക്കാനുണ്ട്. ഇത് സംബന്ധിച്ച് എ.ജി റിപ്പോർട്ടിലും ആഭ്യന്തര പരിശോധന റിപ്പോർട്ടിലും പലവട്ടം പരാമർശങ്ങളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

