മതപഠനം സ്പര്‍ധ വളര്‍ത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉന്നതന്‍
text_fieldsകൊച്ചി: മുസ്ലിം മാനേജ്മെന്‍റ് സ്കൂളിലെ മതപഠനം സമുദായ സ്പര്‍ധക്ക് കാരണമാകുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോര്‍ട്ട്. എന്നാല്‍, ഈ നിലപാട് മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള സ്വാതന്ത്ര്യത്തിനും എതിരാണെന്ന് നിയമ വിദഗ്ധരും. വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോര്‍ട്ടിന്‍െറ നിയമസാധുത പരിശോധിക്കാതെ പൊലീസ് സ്കൂള്‍ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എറണാകുളത്തെ പീസ് ഇന്‍റര്‍നാഷനല്‍ സ്കൂളുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്‍െറയും ഈ വിചിത്ര നടപടി.
ആരോപണങ്ങള്‍ ഉയര്‍ന്നതിനത്തെുടര്‍ന്ന് എറണാകുളം പൊലീസ് അസി. കമീഷണറുടെ നിര്‍ദേശപ്രകാരം ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും ഡയറ്റ് ഫാക്കല്‍റ്റിയും ചേര്‍ന്ന് സെപ്റ്റംബര്‍ 17ന് എറണാകുളം ചക്കരപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലെ കെ.ജി വിഭാഗത്തില്‍ പരിശോധന നടത്തിയിരുന്നു.
പരിശോധനയുടെ അടിസ്ഥാനത്തില്‍ തയാറാക്കി അസി. കമീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ: ‘ടൈംടേബ്ള്‍ പരിശോധിച്ചതില്‍ ജൂനിയര്‍ കെ.ജി വിഭാഗത്തില്‍ ആഴ്ചയില്‍ മൂന്ന് പീരിയഡ് വീതവും സീനിയര്‍ കെ.ജിയില്‍ നാല് പീരിയഡ് വിതവും അറബി, ഇസ്ലാമിക് സ്റ്റഡീസ്, ഖുര്‍ആന്‍ എന്നിവക്കായി നീക്കിവെച്ചിട്ടുണ്ട്. ഇതുകൂടാതെ, ഇംഗ്ളീഷ്, മാത്സ്, സയന്‍സ്, ആര്‍ട്ട്, പി.ടി എന്നിവക്കും പീരിയഡുകളുണ്ട്. കെ.ജി വിഭാഗത്തിനായി ഉള്‍പ്പെടുത്തിയ പൊതുവിജ്ഞാനസംബന്ധവും അടിസ്ഥാനസംഖ്യാ ബോധമുണ്ടാക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ എല്ലാം മുസ്ലിം മതവിഭാഗത്തിന്‍െറ കാഴ്ചപ്പാടിലും മുസ്ലിം മതവിശ്വാസം പ്രചരിപ്പിക്കുന്ന തരത്തിലുമാണ്. ഇത് നിയമാനുസൃതമല്ല. നിലവില്‍ സര്‍ക്കാര്‍ സിലബസ് മതനിരപേക്ഷതയും ദേശീയതയും അടിസ്ഥാനമാക്കിയാണ്’.
ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ഈ കണ്ടത്തെല്‍ അന്വേഷണത്തില്‍ ‘ശരിയാണെന്ന് ബോധ്യപ്പെട്ടു’ എന്നാണ് പൊലീസ് നിലപാട്. ക്രൈം നമ്പര്‍ 1509/16 ആയി പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, പാഠ്യപദ്ധതിയെയും നടത്തിപ്പിനെയും കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് അന്വേഷണത്തില്‍ ശരിയാണെന്ന് ബോധ്യമായതിനാല്‍ കേസെടുക്കുന്നു എന്നാണ് വിശദീകരിക്കുന്നത്. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, പ്രിന്‍സിപ്പല്‍, ട്രസ്റ്റിമാര്‍ എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.
എന്നാല്‍, ഭരണഘടനയുടെ അനുഛേദം 25 അനുസരിച്ച് സ്വന്തം മതം ആചരിക്കാനും പ്രചരിപ്പിക്കാനും ഏതൊരു പൗരനും അവകാശമുണ്ട്.
അനുഛേദം 30 അനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശവുമുണ്ട്. ഈ രണ്ട് അവകാശങ്ങളും ചോദ്യം ചെയ്യുന്നതാണ് വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോര്‍ട്ടെന്നും അതുകൊണ്ടുതന്നെ കേസ് നിലനില്‍ക്കില്ളെന്നും മുതിര്‍ന്ന അഭിഭാഷകനും കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍ അഭിപ്രായപ്പെടുന്നു.
ഭരണഘടനാ നിര്‍മാതാക്കള്‍ ദീര്‍ഘദൃഷ്ടിയോടെ തയാറാക്കിയ വകുപ്പുകളെയും സങ്കല്‍പങ്ങളെയുമാണ് റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
