പാർലമെന്‍റിന്‍റെ സ്തംഭനാവസ്ഥയുടെ കാരണം പ്രതിപക്ഷമല്ലെന്ന് പി.ഡി.ടി. ആചാരി
text_fieldsകണ്ണൂർ: നിയമ നിർമാണ സഭയുടെ നിലവിലെ സ്തംഭനാവസ്ഥയുടെ പ്രധാന കാരണം പ്രതിപക്ഷമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും യഥാർഥത്തിൽ ഭരണപക്ഷത്തിന്റെ കടുംപിടുത്തമാണ് പാർലമെന്റിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതെന്നും ലോക്സഭ മുൻ സെക്രട്ടറി പി.ഡി.ടി. ആചാരി. ഗോൾഡൻ ഫിഫ്റ്റിയോടനുബന്ധിച്ച് എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന 50 സമ്മേളനങ്ങളുടെ ഭാഗമായുള്ള രാഷ്ട്രീയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണ പ്രതിപക്ഷങ്ങൾ തമ്മിലുള്ള ബന്ധം ആരോഗ്യകരമാകണം. രാഷ്ട്രീയ പ്രതിയോഗികൾ എന്നതിൽ നിന്നുമാറി പ്രതിപക്ഷം സംഹരിക്കപ്പെടേണ്ടവരാണെന്ന ചിന്ത അപകടകരമാണ്. പ്രതിപക്ഷത്തെ ചർച്ചകൾക്ക് ക്ഷണിക്കുകയോ, ചർച്ചകൾ അനുവദിക്കുകയോ ചെയ്യുന്നില്ല. പ്രതിപക്ഷമില്ലാത്ത രാജ്യത്ത് ജനാധിപത്യത്തിന് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യ മതേതരത്വ മൂല്യങ്ങളിൽ പൊതുസമൂഹം ആശങ്ക പ്രകടിപ്പിക്കുന്നതിൽ കാര്യമുണ്ട്. ഭരണഘടന അടിസ്ഥാനപരമായി സെക്കുലറിസമാണെങ്കിലും ഇന്നും അതേക്കുറിച്ചുള്ള സംവാദം നിലനിൽക്കുന്നു. മതേതരത്വം എന്നതിന്റെ അർഥം ഭരണകൂടത്തിന് മതമില്ല എന്നുതന്നെയാണ്. പാർലമെന്റും കൂട്ടുത്തരവാദിത്തമുള്ള മന്ത്രിസഭയും പാർലമെന്ററി ജനാധിപത്യത്തിന്റെ രണ്ടു തൂണുകളാണ്. അതുകൊണ്ടുതന്നെ രണ്ടിന്റെയും സംരക്ഷണം അനിവാര്യമാണ്. രാജ്യത്ത് മതഗ്രന്ഥങ്ങളെ കൂട്ടുപിടിച്ച് നിയമ നിർമാണവും ഭരണവും നടത്താൻ ശ്രമിച്ചാൽ 140 കോടിയിലധികം വരുന്ന ജനങ്ങളും ആറ് പ്രധാന ന്യൂനപക്ഷങ്ങളും അധിവസിക്കുന്ന ഈ രാജ്യം മുന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി. ജാബിർ അധ്യക്ഷത വഹിച്ചു. ഡോ. എം.എസ്. മുഹമ്മദ്, അനീസ് മുഹമ്മദ് ആലപ്പുഴ, ഫാറൂഖ് കാസർകോട് എന്നിവർ സംസാരിച്ചു. മൂന്നു ദിവസമായി ഏഴ് വേദികളിലായി നടന്നുവരുന്ന 50 സമ്മേളനത്തിൽ ധിഷണ, സൗഹൃദം; ആസാദിന്റെ സ്വപ്നരാജ്യം എന്ന വിഷയത്തിൽ ഡോ. ശിവദാസൻ പ്രഭാഷണം നടത്തി. ‘ദേശീയ വിദ്യാഭ്യാസ നയം: ആന്തരിക ആശയങ്ങൾ, പ്രതിഫലനങ്ങൾ’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഡോ. എം.എൻ. മുസ്തഫ, ഡോ. ശ്യാംകുമാർ, ശഫീഖ് സിദ്ദീഖി എന്നിവർ സംബന്ധിച്ചു. രാജ്യത്തിന്റെ വർത്തമാനം പൗരന്റെ ഭാവി എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ കെ.പി.സി.സി സെക്രട്ടറി എം. ലിജു, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.കെ. സനോജ്, കെ.ബി. ബഷീർ എന്നിവർ സംസാരിച്ചു. മാധ്യമങ്ങൾ ഭരണകൂട മുഖപത്രമാകുമ്പോൾ ജനാധിപത്യത്തിന് എന്തുസംഭവിക്കുന്നു എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകരായ ആർ. രാജഗോപാൽ, രാജീവ് ശങ്കരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

