ശബരിമല സ്വര്‍ണക്കൊള്ളയിലെ ‘സുഭാഷ് കപൂര്‍’ ആരാണെന്ന് കണ്ടെത്തണം -പിസി. വിഷ്ണുനാഥ്
text_fieldsതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ സുഭാഷ് കപൂര്‍ ആരാണെന്ന് കണ്ടെത്തണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. സുഭാഷ് കപൂർ പോലുള്ള കുപ്രസിദ്ധ അന്താരാഷ്ട്ര ക്ഷേത്രകലാ കൊള്ളക്കാരന്റെ പ്രവര്‍ത്തനങ്ങളുമായി ശബരിമലയിലെ കൊള്ളക്ക് സാമ്യമുണ്ടെന്ന് ഹൈകോടതിയുടെ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നതിനാല്‍ സുഭാഷ് കപൂര്‍ ആരാണെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണ്. നിലവില്‍ ഏതാനും ഉദ്യോഗസ്ഥരില്‍ മാത്രമേ അന്വേഷണം എത്തിയിട്ടുള്ളുവെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ നിലവിലുള്ള ബോര്‍ഡിന്റെയും മന്ത്രിയുടെയും പങ്ക് ഹൈകോടതിയുടെ വിധിയില്‍ തന്നെ വ്യക്തമാണ്. 3.9.2024ല്‍ സെക്രട്ടറിക്ക് തിരുവാഭരണം കമീഷണര്‍ അയച്ച കത്തില്‍ ദ്വാരപാലക ശിൽപങ്ങളില്‍ കേടുപാടുകളുണ്ടെന്നും സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താന്‍ പദ്ധതി തയാറാക്കി. എന്നാല്‍, 2024ല്‍ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് അറ്റകുറ്റപ്പണി നടത്തിയില്ല. അടിയന്തര സ്വഭാവം വ്യാജമായിരുന്നെന്നു വ്യക്തം.
2025ല്‍ വീണ്ടും അടിയന്ത രസാഹചര്യം പുനഃസൃഷ്ടിച്ച് ബോര്‍ഡ് ദ്വാരപാലക ശിൽപങ്ങളെ അറ്റകുറ്റപ്പണിക്ക് അയച്ചു. ക്ഷേത്രപരിസരത്തു നിന്ന് പവിത്രമായ കലാവസ്തുക്കള്‍ മാറ്റുന്നതിന് വ്യക്തമായ കോടതി വിലക്കുണ്ടെന്ന് ബന്ധപ്പെട്ട എല്ലാവര്‍ക്കും അറിയാവുന്നതാണ്. സന്നിധാനത്തുവച്ചുതന്നെ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ബോര്‍ഡിന് 2025 ജനുവരി മുതല്‍ 2025 നവംബര്‍ വരെ സമയം ഉണ്ടായിരുന്നു.
കോടതിയുടെ ഉത്തരവുകളെക്കുറിച്ച് ബോധ്യമുണ്ടായിട്ടും സമയവും സാവകാശവും ഉണ്ടായിട്ടും അവയെ പൂര്‍ണമായി ലംഘിച്ചു കൊണ്ടാണ് 2025ല്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണക്കൊള്ളയുമായി മുന്നോട്ടുപോയത്. അന്നത്തെ ബോര്‍ഡും ദേവസ്വം മന്ത്രിയുമൊക്കെ സ്വര്‍ണക്കൊള്ളയില്‍ പങ്കാളികളാണെന്നും പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

