തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന പി.സി. ജോർജിെൻറ ഹരജി തള്ളി
text_fieldsകൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പി.സി. ജോർജ് എം.എൽ.എ നൽകിയ ഹരജി ഹൈകോടതി തള്ളി. ഡിസംബർ 31നകം നടത്താൻ ഒരുക്കം പൂർത്തിയായെന്നും കോവിഡ് കാലത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നുമുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ വിശദീകരണം രേഖപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കിയത്.
കോവിഡ് വർധനയുടെ പേരിൽ മാത്രം തെരഞ്ഞെടുപ്പ് നീട്ടിവെക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കോവിഡ് സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുമായി ചർച്ച നടത്തുകയും സർവകക്ഷിയോഗം വിളിക്കുകയും ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിവെക്കേണ്ടെന്ന അഭിപ്രായമാണ് സർവകക്ഷി യോഗത്തിലുണ്ടായതെന്നും വ്യക്തമാക്കി.

