പി.സി. ജോർജിന്റെ ലൗ ജിഹാദ് പ്രസംഗം: യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി
text_fieldsതൊടുപുഴ: ബി.ജെ.പി നേതാവ് പി.സി. ജോർജിന്റെ വർഗീയ പ്രസ്താവനക്കെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്. കേരളത്തിൽ ‘മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികൾ നമുക്ക് നഷ്ടമായി’ എന്നാണ് ജോർജ് പൊതു പരിപാടിയിൽ പ്രസംഗിച്ചത്. ചാനലിൽ വന്ന പ്രസംഗത്തിന്റെ യൂട്യൂബ് ലിങ്കാണ് തെളിവായി പരാതിയോടൊപ്പം നൽകിയത്.
വർഗീയ പരാമർശങ്ങൾ നടത്തി രണ്ട് കേസുകളിൽ കോടതി അലക്ഷ്യം നേരിടുന്നതിനിടെയാണ് പി.സി. ജോർജ് വീണ്ടും വർഗീയ പരാമർശം നടത്തിയിരിക്കുന്നത്. കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരിൽ രജിസ്റ്റർ ചെയ്യാത്തിടത്താണ് പി.സി. ജോർജ് കള്ളം മനപ്പൂർവം പ്രചരിപ്പിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. എല്ലാ മതസ്ഥരും ഐക്യത്തോടെ കഴിയുന്ന കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർക്കുകയും മനപൂർവം കലാപം സൃഷ്ടിക്കുകയും ഒരു മതവിഭാഗത്തെ കള്ള പ്രചരണങ്ങളിലൂടെ ഒറ്റപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിക്കുന്ന ജോർജിനെതിരെ 153എ, 295എ, 298 & 505 വകുപ്പുകൾ ചേർത്ത് കേസെടുക്കണം എന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദാണ് തൊടുപുഴ പൊലീസിൽ പരാതി നൽകിയത്.
നേതാക്കളായ ഫസൽ സുലൈമാൻ, ജോസിൻ തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ ലൗ ജിഹാദിൽ നഷ്ടപ്പെട്ടുവെന്നാണ് ജോർജ് പറഞ്ഞത്. അതിൽ 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കൾ പെൺകുട്ടികളെ 24 വയസിന് മുമ്പ് കെട്ടിച്ചയക്കണമെന്നും പി.സി. ജോർജ് പറഞ്ഞു. പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിലായിരുന്നു ജോർജിന്റെ വിവാദ പരാമർശം.
'400ഓളം കുഞ്ഞുങ്ങളെയാണ് മീനച്ചിൽ താലൂക്കിൽ മാത്രം ലൗ ജിഹാദിൽ നമുക്ക് നഷ്ടമായത്. 41 എണ്ണത്തിനെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെയും 25 വയസുള്ള ഒരു കൊച്ചിനെ കാണാതായി. 25 വയസു വരെ ആ പെൺകുട്ടിയെ കെട്ടിച്ചുവിടാത്ത അപ്പനിട്ടാണ് അടികൊടുക്കേണ്ടത്. ചർച്ച ചെയ്യേണ്ട വിഷയമാണിത്. എന്തിനാണ് 25ഉം 30ഉം വയസു വരെ പെൺകുട്ടികളെ കെട്ടിക്കാതെ വെക്കുന്നത്. 24 വയസാകുമ്പോഴേക്കും പെൺകൊച്ചുങ്ങളെ കെട്ടിച്ചുവിടാനുള്ള മര്യാദ കാണിക്കണം. 25 വയസുള്ള പെൺകുട്ടികളെ കാണുമ്പോൾ എനിക്ക് സന്തോഷം തോന്നും. ആ പെൺകുട്ടിക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നും. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗർബല്യങ്ങളാണ്. ഇതറിയാതെ പോയിട്ട് കാര്യമൊന്നുമില്ല. '-ഇങ്ങനെയായിരുന്നു പി.സി. ജോർജിന്റെ പ്രസംഗം.

