വിദ്വേഷ പ്രസംഗം: പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി
text_fieldsകോട്ടയം: വിദ്വേഷ പ്രസംഗത്തില്‍ കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപക നേതാവും, മുൻ എം.എൽ.എ യുമായ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും. കോട്ടയം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക.
18 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതി നേരത്തെ നിർദേശിച്ചിരുന്നത്. വിവാദ ചാനല്‍ ചര്‍ച്ചയുടെ വിഡിയോയും ഉള്ളടക്കവും എഴുതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ജനുവരി ആറിന് 'ജനം ടിവി'യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി. ജലീല്‍, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‍ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട്ട് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈരാറ്റുപേട്ടയില്‍ മുസ്‍ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും അദ്ദേഹം ചര്‍ച്ചയില്‍ ആരോപിച്ചു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിഡിയോ സഹിതമാണ് ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങി സംഘടനകള്‍ പരാതി നല്‍കിയത്. ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. വിദ്വേഷ പരാമര്‍ശത്തില്‍ ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പി.സി. ജോര്‍ജിനെതിരെ കേസെടുത്തിരുന്നു.
മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി. പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ വൈകിയതിലും അറസ്റ്റ് നടപടികള്‍ക്ക് തയാറാകാത്തതിലും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

