കൈക്കൂലി വാങ്ങലും പീഡനവും ഈ ജന്മത്തിൽ പി.സി.ജോർജ് ചെയ്യില്ല; തന്റെ ഉറപ്പിന്റെ കാരണം പറഞ്ഞ് ഉഷ ജോർജ്
text_fieldsപി.സി. ജോർജ് ഈ ജന്മത്തിൽ ചെയ്യില്ലെന്നു ഉറപ്പുള്ള രണ്ട് കാര്യങ്ങളാണുള്ളതെന്നും അതിൽ ഒന്ന് കൈക്കൂലിയും അടുത്തത് പീഡനവുമാണെന്ന് ഭാര്യ ഉഷ ജോർജ്. അത് അദ്ദേഹത്തിനെ പരിചയമുള്ള എല്ലാവർക്കും അറിയാമെന്നും ഉഷ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അവർ. 'അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ ഞങ്ങളെ ആരെങ്കിലും ഈ സാഹചര്യത്തിൽ വെറുതേ വിടുമോ. കേൾക്കേണ്ടി വന്ന പഴിയിൽ എരിയുന്നത് ഒരു കുടുംബം മുഴുവനുമാണ്. അന്നു പുള്ളിയെ അറസ്റ്റു ചെയ്ത് റിമാൻഡിൽ വിട്ടിരുന്നേൽ ഞാൻ നേരെ തിരുവനന്തപുരത്തേക്കു പോയേനെ. അന്ന് അങ്ങനെ പോയിരുന്നെങ്കിൽ അവിടെ എന്തൊക്കെ ചെയ്തുകൂട്ടിയിരുന്നേനെ എന്നു പറയാൻ കഴിയില്ലെന്നും ഉഷ പറഞ്ഞു.
പിസി. ജോർജിനെ സർക്കാർ വേട്ടയാടുകയാണോ എന്ന ചോദ്യത്തിന് 'അദ്ദേഹത്തെ വിടാതെ ആക്രമിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതും പീഡന കേസ്. മറ്റെന്തെങ്കിലുമാണെങ്കിൽ ക്ഷമിക്കാമായിരുന്നു. പുള്ളിയെ പൂർണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അതു തന്നെ ആരോപിച്ചിരിക്കുന്നത്. പുറത്തു കാണിക്കുന്നില്ലന്നേയുള്ളൂ. അദ്ദേഹത്തിനു നല്ല വിഷമമുണ്ട്. അത് എനിക്കറിയാം. പുറകേ പുറകെ ഓരോ കേസ് ഉണ്ടാക്കുകയാണ്. സാക്ഷിയാക്കാമെന്നു പറഞ്ഞു കൊണ്ടുപോയി പീഡന കേസിൽ അകത്താക്കുന്ന അത്രയും ദ്രോഹം മറ്റെന്തുണ്ട്? അന്ന് ദൈവം കനിഞ്ഞാണ് അദ്ദേഹത്തിനു ജാമ്യം കിട്ടിയത്. ആദ്യമായാണ് പീഡനക്കേസിൽ പേരു വന്നത്. ഇതുപോലെ അദ്ദേഹം വിഷമിച്ച സംഭവം മുൻപ് ഉണ്ടായിട്ടില്ല'-ഉഷ ജോർജ് പറയുന്നു.
പീഡന കേസ് ആസൂത്രണം ചെയ്തത് മുഖ്യമന്ത്രിയാണെന്നും അവർ ആരോപിച്ചു. 'മുഖ്യമന്ത്രി ഇടപെട്ട ആസൂത്രണമാണ് കേസ് എന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഈ സംഭവങ്ങൾ നടക്കുന്നതിന്റെ രണ്ട് ആഴ്ച മുമ്പ് സോളാർ കേസിൽ പ്രതിയായ സ്ത്രീ തന്റെ അപ്പനു തുല്യമാണ് പി.സി. ജോർജ് എന്നും രാഷ്ട്രീയക്കാരിൽ അവരെ പീഡിപ്പിക്കാത്തത് പി.സി മാത്രമാണെന്നും പറഞ്ഞിരുന്നല്ലോ. രണ്ട് ആഴ്ചകൊണ്ടു അതൊക്കെ എങ്ങനെ മാറിമറിഞ്ഞു? സോളാർ കേസിന്റെ സമയത്താണ് ആ സ്ത്രീ ആദ്യമായി പി.സിയെ ചെന്നു കാണുന്നത്. ആ സ്ത്രീയെ സഹായിച്ചതാണ് പി.സി ചെയ്ത ഏക തെറ്റ്'-അവർ പറഞ്ഞു.
'വീട്ടിൽ തോക്കുെണ്ടന്നത് സത്യമാണ്. അത് എന്റെ അപ്പൻ പി.സിക്ക് കൊടുത്തതാണ്. ഉപയോഗിക്കാൻ ലൈസൻസുമുണ്ട്. ഈ വിഷയം നടന്ന സമയത്ത് എന്റെ ചില സുഹൃത്തുക്കളാണ് ഉഷേ, അവിടെ തോക്കിരിപ്പില്ലേ, അതെടുത്ത് അയാൾക്കിട്ട് രണ്ടെണ്ണം പൊട്ടിക്ക് എന്നു വിളിച്ചു പറഞ്ഞത്. അതൊക്കെ എന്റെ മനസ്സിൽ കിടക്കുവല്ലേ.. പെട്ടന്ന് മീഡിയ വന്നപ്പോൾ അറിയാതെ വായിൽ നിന്നു വീണുപോയി. ആ പരാമശത്തിൽ എനിക്കൊരു ദുഖവുമുണ്ട്.
ഒരു മുഖ്യമന്ത്രിയെ അങ്ങനെ പറയോമോന്നു പലരും ചോദിച്ചു. പൊലീസും ക്രൈംബ്രാഞ്ചുമൊക്കെ മൊഴിയെടുക്കാൻ വന്നിരുന്നു. അന്നേരത്തെ ആ സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നു എല്ലാവർക്കും മനസ്സിലായി. എന്നുവച്ച് ആ പരാമർശമൊഴിച്ച് അന്നു പറഞ്ഞതിൽ മറ്റൊന്നിനും കുറ്റബോധമൊന്നും എനിക്കില്ല'-ഉഷ ജോർജ് പറയുന്നു.
സജി ചെറിയാന്റെ രാജിയെപ്പറ്റിയും അവർ പ്രതികരിച്ചു. 'ജീവിതത്തിൽ സത്യസന്ധത പുലർത്തിയ ഒരു സ്ത്രീയുടെ മനസ്സു നൊന്ത വാക്കുകളായിരുന്നു അത്. മുഖ്യമന്ത്രി അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ. ഞാനും എന്റെ കുടുംബവും അതിനായി പ്രാർഥിക്കുന്നുണ്ട്. ഈ സംഭവങ്ങൾ നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മന്ത്രി സഭയിലെ ഒരാൾ പുറത്തായി. അന്ന് പലരും വിളിച്ചു പറഞ്ഞു ചേച്ചിയുടെ കൊന്തയുടെ ശക്തികൊണ്ടാണ് അതെന്ന്. പക്ഷേ ഞാൻ സജിക്ക് എതിരായി അല്ലായിരുന്നു പറഞ്ഞത്. ഏതായാലും മുഖ്യമന്ത്രി അനുഭവിക്കും. സ്വർണക്കടത്തു കേസിലെ സത്യങ്ങളും മുഖ്യമന്ത്രിയുടെ പങ്കും മറനീക്കി പുറത്തുവരും. സത്യം ദൈവം തെളിയിക്കും. ഒരു കുടുംബത്തിന്റെ മുഴുവന്റെയും പ്രാർഥനയാണത്'-ഉഷ ജോർജ് പറയുന്നു.