തൃശൂർ: പി.സി. ജോർജിനെതിരെ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ. പി.സി. ജോർജ് ക്രൈസ്തവരുടെ പ്രതിനിധിയല്ലെന്ന് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ പി.സി. ജോർജിനെ ഏൽപ്പിച്ചിട്ടില്ല. ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകാൻ നോക്കേണ്ട. യേശുവിന്‍റെ അനുയായികൾക്ക് പി.സി. ജോർജ് പറഞ്ഞ ശൈലിയിലോ ഒന്നോ രണ്ടോ ബിഷപ്പുമാർ പറഞ്ഞ രീതിയിലോ പ്രതികരിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബി.ജെ.പിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ല. നാർകോട്ടിക് ജിഹാദ്, ലവ് ജിഹാദ് പോലെയുള്ള പ്രസ്താവനകൾ പലരും അവരവരുടെ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി പറയുന്നതായാണ് മനസിലാക്കുന്നത്. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അങ്ങനെ പറയാൻ പറ്റുമെന്ന് തോന്നുന്നില്ല. കാരണം എല്ലാവരെയും സ്വീകരിക്കാനാണ് പറയുന്നത്. യേശുവിന്‍റെ അനുയായികൾക്ക് പി.സി. ജോർജ് പറഞ്ഞ ശൈലിയിലോ ഒന്നോ രണ്ടോ ബിഷപ്പുമാർ പറഞ്ഞ രീതിയിലോ പ്രതികരിക്കാൻ സാധ്യമല്ല.
ലവ് ജിഹാദോ നാർകോട്ടിക് ജിഹാദോ ഉണ്ടെന്ന് തെളിവുസഹിതം പറയുക സാധിക്കില്ല. അന്യോന്യം സ്നേഹിക്കുകയോ വിവാഹിതരാകുകയോ ചെയ്യുന്നുണ്ട്. അതിൽ ചില കുടുംബങ്ങളിൽ പ്രതിസന്ധികളുണ്ടാവുകയോ മതംമാറ്റത്തിന് പ്രേരിപ്പിക്കുകയോ ചിലയാളുകളെങ്കിലും അത് മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകുകയോ ചെയ്യാറുണ്ട്. എല്ലാം ആലോചിച്ച് നടത്തുന്ന വിവാഹങ്ങൾ പോലും ചിലപ്പോൾ വലിയ പ്രതിസന്ധിയിലാകുന്ന സാഹചര്യമുണ്ട്. അതിൽ ഏതെങ്കിലും ഒന്നോ രണ്ടോ എടുത്തുകൊണ്ട് ലോകം മുഴുവൻ ലൗ ജിഹാദാണ് നടപ്പാകുന്നത് എന്ന് പറയാൻ ഞാനാളല്ല.
നാർകോട്ടിക് ജിഹാദ് വിഷയത്തിലും അതുതന്നെയാണ് അഭിപ്രായം. 25 വർഷം മുമ്പ് കേരളത്തിലെ മൊത്തം മദ്യത്തിന്‍റെ കുത്തക ഒരു ക്രിസ്ത്യാനിക്കായിരുന്നു. മണർകാട് കേന്ദ്രീകരിച്ചുള്ള ഒരാളുടെ പേര് സാധാരണ അറിയപ്പെടുന്നതാണ്. അതെന്താണ് പറയാത്തത്. ഇപ്പോഴും ധാരാളം ക്രിസ്ത്യാനികൾ മദ്യശാലകളും വാറ്റ് കേന്ദ്രങ്ങളും നടത്തുന്നുണ്ട്.
ജിഹാദ് എന്ന വാക്ക് ഒരു വിശ്വാസ സമൂഹത്തെ കേന്ദ്രീകരിച്ചുള്ളതാണ്. അവരെ ഒറ്റപ്പെടുത്തിക്കൊണ്ട് ഈ വാക്ക് ചേർത്തുവെക്കാമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.