‘25 വയസ്സിൽ എനിക്കും പെണ്ണുങ്ങളെ കാണുമ്പോൾ സന്തോഷം തോന്നും, പെൺകൊച്ചിന് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നും, അതുകൊണ്ട് ക്രിസ്ത്യാനികൾ 24 വയസ്സിനകം പെൺകുട്ടികളെ കല്യാണം കഴിപ്പിക്കണം...’ -പി.സി. ജോർജ്
text_fieldsകോട്ടയം: മതവിദ്വേഷ പ്രസംഗക്കേസിൽ ദിവസങ്ങൾക്കുമുമ്പ് മാത്രം ജാമ്യം ലഭിച്ച ബി.ജെ.പി നേതാവ് പി.സി. ജോർജ് വീണ്ടും അതേ പാതയിൽ. കേരളത്തിൽ ‘ലവ് ജിഹാദ്’ വർധിക്കുന്നെന്നും മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടെന്നുമാണ് ജോർജിന്‍റെ പരാമർശം. അതിൽ 41 പേരെ മാത്രമാണ് തിരികെക്കിട്ടിയതെന്നും ജോർജ് പറഞ്ഞു. ‘25 വയസ്സാകുമ്പോൾ എനിക്കും പെണ്ണുങ്ങളെ കാണുമ്പോൾ സന്തോഷം തോന്നും. പെൺകൊച്ചിന് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നും. ക്രിസ്ത്യാനികൾ 24 വയസ്സിനകം പെൺകുട്ടികളെ കല്യാണം കഴിപ്പിക്കണം’ -പാലായിൽ നടന്ന ലഹരിവിരുദ്ധ പരിപാടിയിൽ സംസാരിക്കവേ ജോർജ് പറഞ്ഞു.
‘‘എന്തിനാണ് ക്രിസ്ത്യാനികൾ 25ഉം 30ഉം വയസ്സുവരെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാതെ വീട്ടിൽ നിർത്തിയിരിക്കുന്നത്. ഇന്നലെയും ഒരു 25 വയസ്സുകാരി പോയിട്ടുണ്ട്, അവളെ തപ്പുകയാണ്. എനിക്ക് ക്രിസ്ത്യൻ സഹോദരങ്ങളോടുള്ള അഭ്യർഥന, 24 വയസ്സിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കണം. അതിനുശേഷം അവർ പഠിക്കുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ. ’’ -ജോർജ് പറഞ്ഞു.
കഴിഞ്ഞ ദിവസം പാറമടയിലേക്കുള്ള ഡിറ്റണേറ്ററുകൾ പിടികൂടിയ സംഭവത്തെയും ജോർജ് വർഗീയവത്കരിച്ചു. ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടകവസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ടെന്നും രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ചാനൽ ചർച്ചയിൽ പങ്കെടുക്കവെ, മുസ്ലിം സമൂഹത്തെ ആക്ഷേപിക്കുന്ന പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ ജോർജിന് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യം കിട്ടിയത്.
അതിനിടെ, വംശീയ പ്രസ്താവനകൾ ആവർത്തിക്കുന്ന പി.സി. ജോർജിനെതിരെ കേസെടുക്കണമെന്നും ജാമ്യം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി യൂത്ത് മൂവ്മെന്‍റ് ഡി.ജി.പിക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

