‘മോദിജി രാഷ്ട്രീയ തന്ത, അല്ലാതെ ഖാർഗെയാണെന്ന് എനിക്ക് പറയാൻ കഴിയുമോ?’ -വിശദീകരണവുമായി പി.സി. ജോർജ്
text_fieldsകോട്ടയം: ‘എനിക്ക് ഒരു തന്തയേ ഉള്ളൂ അത് ബഹുമാനപ്പെട്ട നരേന്ദ്രമോദിജി തന്നെയാണ്, മാറുന്ന പ്രശ്നമില്ല’ എന്ന പ്രസതാവന ട്രോളൻമാർ ഏറ്റെടുത്തതോടെ വിശദീകരണവുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. താൻ പാർട്ടി മാറുമെന്ന് പറഞ്ഞ് ചിലർ വൃത്തികെട്ട പ്രചാരണം നടത്തിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ജോർജ് മലക്കം മറിഞ്ഞു. ദോഷൈകദൃക്കുകൾ എന്തെങ്കിലും ഒക്കെ പറഞ്ഞാൽ ‘ഹു കെയേർസ് ദിസ് ഫൂൾസ്’ എന്നേ പറയാനുള്ളൂ എന്നും അദ്ദേഹം വ്ലോഗർക്ക് നൽകിയ മറുപടിയിൽ പറഞ്ഞു.
‘ഞാൻ പാർട്ടി മാറുമെന്ന് പറഞ്ഞ് വൃത്തികെട്ട പ്രചാരണം വന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. എനിക്ക് ഒരു തന്തയേ ഉള്ളൂ, രാഷ്ട്രീയത്തിൽ, അത് നരേന്ദ്ര മോദിജിയാണ്. അത് സത്യമാണ്. ഇപ്പോഴും ഞാൻ അതിൽ ഉറച്ച് നിൽക്കുകയാണ്. അതല്ലാതെ ഖാർഗെയാണെന്ന് പറയാൻ പറ്റുമോ എനിക്ക്? എനിക്ക് പറയാൻ പറ്റില്ല. നരേന്ദ്ര മോദിജിയാണ് എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി എന്റെ പിതാവിന്റെ സ്ഥാനത്തുള്ളയാൾ എന്നാണ് ഞാൻ പറഞ്ഞത്. ആ സ്ഥാനത്ത് ഞാൻ ഉറച്ചു നിൽക്കുകയാണ്. പിന്നെ ദോഷൈകദൃക്കുകൾ എന്തെങ്കിലും ഒക്കെ പറഞ്ഞാൽ ‘ഹു കെയേർസ് ദിസ് ഫൂൾസ്’ എന്നേ പറയാനുള്ളൂ’ -പി.സി. ജോർജ് വ്യക്തമാക്കി.
തന്റെ ജീവൻ രക്ഷിക്കാൻ വന്നത് ആർഎസ്എസ് ബിജെപി പ്രവർത്തകരാണെന്നും താൻ ഈ പാർട്ടിയിൽ വെറുതെ ചേർന്നതല്ലെന്നും കഴിഞ്ഞ ദിവസം ജോർജ് പറഞ്ഞിരുന്നു. ‘ഞാൻ ബിജെപിയിൽ വെറുതെ ചേർന്നതല്ല. ഞാൻ പച്ചക്ക് പറയുകയാ, എന്റെ ജീവൻ രക്ഷിക്കാൻ വന്നത് ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ്. എല്ലാ മതത്തിലും തീവ്രവാദികൾ ഉണ്ട്. ക്രിസ്ത്യാനികളിലും ഹിന്ദുവിലും മുസ്‍ലിമിലും തീവ്രവാദികൾ ഉണ്ട്. പക്ഷേ മുസ്‍ലിമിൽ തീവ്രവാദികൾ കൂടുതലാണ്. അതാണ് സത്യം. ആ തീവ്രവാദികൾ എന്നെ കൊല്ലാൻ വേണ്ടി വന്നപ്പോൾ രണ്ടു പ്രാവശ്യം ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രവർത്തകരാണ് എന്നെ രക്ഷിച്ചത്. അല്ലെങ്കിൽ ഞാൻ കൊല ചെയ്യപ്പെടുമായിരുന്നു. എന്നെ സംരക്ഷിച്ചതിലുള്ള സ്നേഹം കൊണ്ടാണ് ഞാൻ ബിജെപിയിൽ ചേർന്നത്. ഇപ്പോൾ ഇനി പാർട്ടി മാറുന്ന പ്രശ്നം ഉദിക്കുന്നില്ല. ആരും ചിന്തിക്കുക പോലും വേണ്ട. എനിക്ക് ഒരു തന്തയേ ഉള്ളൂ, അത് ബഹുമാനപ്പെട്ട നരേന്ദ്രമോദിജി തന്നെയാണ്. മാറുന്ന പ്രശ്നമില്ല. ഇതാണ് സത്യം’ -ജോർജ് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ നിയമം ലഘിച്ച് കോടികൾ ചെലവഴിച്ചെന്ന പി.സി. ജോർജിന്റെ ഗുരുതര വെളിപ്പെടുത്തൽ വിവാദമായിരുന്നു. ജൂലൈ 18ന് എരുമേലിയിൽ ബിജെപി കേഡർമാരും നേതാക്കളും പങ്കെടുത്ത ‘ദീൻദയാൽ’ ക്യാമ്പിലെ പ്രസംഗമാണ് പുറത്തുവന്നത്. പൂഞ്ഞാറിൽ പ്രചാരണത്തിനായി 4.45 കോടി രൂപ ചെലവായി എന്നായിരുന്നു ജോർജ് വെളിപ്പെടുതിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഈ ആരോപണം ജോർജ് വിഴുങ്ങുകയും ചെയ്തു. ഇലക്ഷൻ ഫണ്ട് എന്താണെന്ന് പോലും എനിക്കറിയില്ല എന്നായിരുന്നു ദൈവത്തെ സാക്ഷിനിർത്തിയുള്ള മലക്കംമറിച്ചിൽ.
‘ഞാൻ തെരഞ്ഞെടുപ്പിന് നിൽക്കില്ല എന്ന് ശപഥം ചെയ്തു പറഞ്ഞ ആളാണ്. എന്നാൽ, പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വളരെ നിർബന്ധിച്ചു. ബിജെപിയുടെ നിലനിൽപ്പിന്റെ പ്രശ്നമാണെന്നും പൂഞ്ഞാറ്റിൽ വേറെ ആളില്ല നിൽക്കണം എന്നും പറഞ്ഞതുകൊണ്ടാണ് ഞാൻ നിന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിക്ക് പൂഞ്ഞാറ്റിൽ കിട്ടിയത് 2900 വോട്ട് മാത്രമാണ്. ഇത്തവണ അത് ഞാൻ 36112 വോട്ടാക്കി ഉയർത്തി. സ്വാഭാവികമായിട്ട് പലർക്കും അതിന് എന്നോട് ഇച്ചിരി മനപ്രയാസവും വേദനയും ഒക്കെ ഉണ്ടാവാം. ആ വേദനയൊക്കെ മനസ്സിൽ വെച്ചുകൊണ്ട് ഇരുന്നാൽ മതി. അല്ലാതെ ഞാൻ എന്ത് ചെയ്യാനാ? ദൈവം എനിക്ക് അനുകൂലമായി, ജനം അനുകൂലമായി വോട്ട് ചെയ്തു. അതിന് വഴക്ക് ഉണ്ടാക്കിയിട്ട് കാര്യമില്ല. ഞാൻ ഇലക്ഷന് തോറ്റു. സ്വാഭാവികമായും തോൽവി ഒരു ആഘാതമാണല്ലോ.
തോറ്റു കഴിഞ്ഞ് എരുമേലിയിൽ ഒരു കമ്മിറ്റി ചേർന്നു. ‘നാലരക്കോടി രൂപ വിഹിതം കിട്ടിയതാ, ഇതെല്ലാം എവിടെ പോയി? എന്ത് ചെയ്തു?’ എന്ന് അവിടെവെച്ച് ബിജെപിയുടെ രണ്ട് സ്ട്രോങ്ങ് ആളുകൾ എന്നോട് പറഞ്ഞു എന്നെ ചൂടാക്കി. ഇത്രയും രൂപ കിട്ടുമെന്ന് എനിക്കറിയത്തില്ല. 4.45 കോടി രൂപ കിട്ടിയിട്ട് ഇത് ആരൊക്കെ കട്ടു, എവനൊക്കെ തിന്നു എന്ന് അറിയണമെന്ന് അപ്പോൾ ഞാൻ യോഗത്തിൽ പറഞ്ഞ് ചൂടായി. പിന്നെ അതൊന്നും മൈൻഡ് ചെയ്യാതെ പോരുകയും ചെയ്തു. തോറ്റു കഴിഞ്ഞിട്ട് വർത്തമാനം പറഞ്ഞിട്ട് കാര്യമുണ്ടോ?
പക്ഷെ, രസം എന്താണെന്ന് ചോദിച്ചാൽ അത് കഴിഞ്ഞപ്പോൾ പാർട്ടി നേതൃത്വം എന്നെ ബന്ധപ്പെട്ടു. ഔദ്യോഗിക കണക്കുകൾ പൂർണമായിട്ട് എന്നെ കാണിച്ചു. 100 രൂപയുടെ കണക്ക് പോലും എഴുതി എന്നെ കാണിച്ചു. ഒരു പൈസ പോലും ആരും മോഷ്ടിച്ചിട്ടുമില്ല കൊടുത്തിട്ടുമില്ല എന്ന് അപ്പോൾ എനിക്ക് മനസ്സിലായി. ഒരു അസംബ്ലി സീറ്റിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പണം 40 ലക്ഷം രൂപയാണ്. അതിൽ 40 എനിക്ക് ചിലവായിട്ടില്ല, അതാ രസം. അതിന്റെ കണക്കും അതാണ്. ഞാൻ അന്ന് എരുമേലിയിൽ പറഞ്ഞത് തെറ്റായിപ്പോയി’ -ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

